സ്വന്തം ലേഖകന്‍: തെലുങ്കു സിനിമയെ പിടുച്ചു കുലുക്കി അധികൃതരുടെ മയക്കുമരുന്നു വേട്ട, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനെതിരെ നടി ചാര്‍മി കോടതിയില്‍, കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിന്റെ നീക്കത്തെ ചോദ്യം ചെയ്ത് ചാര്‍മി സമര്‍പ്പിച്ച ഹര്‍ജിയില്‍, രക്തം, മുടി, നഖം തുടങ്ങിയവയുടെ സാന്പിളുകള്‍ ശേഖരിക്കാനുള്ള തീരുമാനം പൗരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്നെ ചോദ്യം ചെയ്യലിനു വിധേയയാക്കാനുള്ള നീക്കം തടയണമെന്നും നടി ആവശ്യപ്പെട്ടു.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഈ മാസം 21ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ചാര്‍മിയോട് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ നടി ഈ ദിവസം ഹാജരായില്ല. ഇതേതുടര്‍ന്ന് ബുധനാഴ്ച ഹാജരാകണമെന്ന് വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, മയക്കുമരുന്ന് ഉപയോഗത്തിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ നടിയുടെ രക്തം, മുടി, നഖം സാന്പിളുകള്‍ ശേഖരിക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്.
കേസുമായി ബന്ധപെട്ട് 6 അഭിനേതാക്കളടക്കം 12 തെലുങ്ക് സിനിമ പ്രവര്‍ത്തകര്‍ക്കാണ് എസ്‌ഐടി നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂലൈ 19നും 27 നും ഇടയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിര്‍ദേശം. സംവിധായകന്‍ പുരി ജഗന്നാഥ്, നടന്‍ രവി തേജ, പി.നവദീപ്, തരുണ്‍കുമാര്‍, എ.തനിഷ്, പി സുബ്ബരാജ്, നടി ചാര്‍മി കൗര്‍, നടി മുമൈത് ഖാന്‍, ഛായാഗ്രാഹകന്‍ ശ്യാം കെ.നായിഡു, ഗായകന്‍ ആനന്ദ് കൃഷ്ണ നന്ദു, കലാസംവിധായകന്‍ ചിന്ന എന്‍.ധര്‍മറാവു എന്നിവര്‍ നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
അടുത്തിടെ പിടിയിലായ മയക്കുമരുന്നു മാഫിയ തലവന്‍ കെല്‍വിന്‍ ഫോണ്‍ ചെയ്തവരുടെ പട്ടികയില്‍ താരങ്ങളും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ നോട്ടീസ്. അതിനിടെ നടി കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ റോണിയെ ഹൈദരാബാദ് എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇയാളുടെ ഹൈദരബാദിലെ വീട്ടില്‍ റെയ്ഡ് നടത്തിയശേഷമായിരുന്നു അറസ്റ്റ്. റെയ്ഡില്‍ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
റോണി ദീര്‍ഘകാലമായി മയക്കുമരുന്നിന് അടിമയാണെന്നു പോലീസ് സംശയിക്കുന്നു. ലാവണ്യ ത്രിപതി, റഷി ഖന്ന തുടങ്ങിയവരുടെയും മാനേജരായി റോണി പ്രവര്‍ത്തിച്ചിട്ടുണ്ട്. മയക്കുമരുന്നു മാഫിയയോട് സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ച തെലുങ്കാന എക്‌സൈസ് ഡയറക്ടര്‍ അകുന്‍ സബര്‍വാളാണ് തെലുങ്കു സിനിമിയെ അടിമുടി ഉലച്ച മയക്കു മരുന്നു വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല