സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ. മയക്കുമരുന്ന് കടത്തുകയും വില്‍പനക്കായി കൈവശം സൂക്ഷിക്കുകയും ചെയ്ത കുറ്റത്തിന് മലപ്പുറം ചീക്കോട് വാവൂര്‍ മാഞ്ഞോട്ടുചാലില്‍ ഫൈസല്‍ (33), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (41), കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
ഫൈസല്‍ ഒന്നാം പ്രതിയും മുസ്തഫ ഷാഹുല്‍ ഹമീദ് മൂന്നാം പ്രതിയും അബൂബക്കര്‍ സിദ്ദീഖ് നാലാം പ്രതിയുമാണ്. ഇവരോടൊപ്പം രണ്ടാം പ്രതിയായ ശ്രീലങ്കന്‍ സ്വദേശിനി സുക്ലിയ സമ്പത്തിനും (40) വധശിക്ഷ ലഭിച്ചു. ഒരു മാസത്തിനുള്ളില്‍ കേസ് അപ്പീല്‍ കോടതി പരിഗണിക്കുമെന്നാണ് സൂചന.
2015 ഏപ്രില്‍ 19 നാണ് ഇവരില്‍നിന്ന് നാലു കിലോയിലധികം ഹെറോയിന്‍ പിടികൂടിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളില്‍ ഒരാളുടെ കൈയ്യില്‍ നിന്ന് കസ്റ്റംസ് വിഭാഗം മയക്കു മരുന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വില്‍പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും ബാക്കി മൂന്നു പേരെയും പിടികൂടിയത്.
കുവൈത്തില്‍ മയക്കുമരുന്ന് കടത്തലും ഉപയോഗവും അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇതുവരെ 10 പേര്‍ക്ക് മയക്കു മരുന്ന് കേസില്‍ വധശിക്ഷ ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല