സ്വന്തം ലേഖകൻ: റോഡിൽ ബസ്സുമാണ്, പാളത്തിൽ ട്രെയിനുമാണ്! ജപ്പാനിൽ അത്ഭുത വാഹനം ഓടിത്തുടങ്ങി. ജപ്പാനിൽ പുതിയതായി രൂപകൽപന ചെയ്ത വാഹനം ഒറ്റ നോട്ടത്തിൽ ബസാണോ അതോ ട്രെയിനാണോ എന്ന് തോന്നിപ്പോകും. ഒരേസമയം ബസായും ട്രെയിനായും പ്രവർത്തിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഇതിന്റെ സവിശേഷതയും.
ഡ്യുവൽ മോഡൽ വെഹിക്കിൾ ആയ ഈ വാഹനം ഡിഎംവി എന്നാണ് അറിയപ്പെടുന്നത്. റോഡിലൂടെ സുഗമായി ഓടിക്കാൻ സാധിക്കുന്ന ഈ വാഹനം ആവശ്യം വരുമ്പോൾ റെയിൽവേ പാളത്തിലും കയറ്റാം. റോഡിൽ നിന്നും റെയിൽപാളത്തിലേക്ക് കടക്കുമ്പോൾ ചക്രങ്ങൾ മാറുന്നതിനുള്ള സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്.
ടയറിന് പകരം പാളത്തിന് അനുയോജ്യമായ ചക്രങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. ട്രാക്കിനടുത്ത് എത്തുമ്പോൾ ടയർ മാറ്റാനുള്ള ഓട്ടോമാറ്റിക് സംവിധാനവും ഇതിലുണ്ട്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡ്യുവൽ മോഡൽ വെഹിക്കിൾ തയ്യാറാകുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25 മുതലാണ് ജപ്പാനിലെ കൈയോയിൽ ഡിഎംവി പ്രവർത്തനമാരംഭിക്കുന്നത്.
പരമാവധി 21 യാത്രക്കാരെ ഈ വാഹനത്തിൽ ഉൾക്കൊള്ളിക്കാം. റോഡിലൂടെ മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കും. 60 കിലോമീറ്റര് വേഗതയിൽ റെയിൽവേ ട്രാക്കിലും സഞ്ചരിക്കും. പരമ്പരാഗതമായി നാം കണ്ടുവരുന്ന വാഹനങ്ങൾക്ക് റോഡിൽ മാത്രമോ അല്ലെങ്കിൽ റെയിൽവേ ട്രാക്കിൽ മാത്രമോ ആണ് ഓടിക്കാൻ സാധിക്കുക. എന്നാൽ ഡിഎംവിക്ക് ഇതു രണ്ടും സാധിക്കുമെന്ന് എ.എസ്.എ കോസ്റ്റ് റെയിൽവേയുടെ സിഇഒ ഷിഗേക്കി മിയൂര പ്രതികരിച്ചു.
റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാരെ റോഡ് മാർഗം ചെന്ന് ബസിൽ കയറ്റി നേരെ സ്റ്റേഷനിലേക്ക് പോകുകയും അവിടെ നിന്ന് അതേ വാഹനത്തിൽ നിർദിഷ്ട സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രായമായ ആളുകളുള്ള ഉൾപ്രദേശങ്ങളിൽ ഈ സംവിധാനം ഏറെ സഹായകമാകും. ഡിഎംവി വളരെ ഉപകാരപ്രദമായ പൊതുഗതാഗത സംവിധാനമാകുമെന്നാണ് ജപ്പാൻകാർ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല