സ്വന്തം ലേഖകൻ: മഴയെതുടർന്ന് അവതാളത്തിലായ എമിറേറ്റ്സിന്റെയും ഫ്ലൈദുബായുടെയും വിമാന സർവിസുകൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തനം തുടങ്ങി. ശനിയാഴ്ച രാവിലെ പ്രസ്താവനയിലാണ് ഇരുകമ്പനി വൃത്തങ്ങളും ഇക്കാര്യമറിയിച്ചത്.
നേരത്തേ വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ഭാഗത്ത് കുടുങ്ങിയ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് ടിക്കറ്റുകൾ റീബുക്ക് ചെയ്ത് നൽകിയതായും എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലർക്ക് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ യാത്ര തടസ്സപ്പെട്ട ഉപഭോക്താക്കളോട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. കാലാവസ്ഥ കണക്കിലെടുത്ത് ഡസൻ കണക്കിന് വിമാനങ്ങൾ ചൊവ്വാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും തിരിച്ചുവിട്ടതായും 400ഓളം വിമാന സർവിസുകൾ റദ്ദാക്കിയതായും അദ്ദേഹം വിശദീകരിച്ചു.
ടെർമിനൽ രണ്ടിൽനിന്നും മൂന്നിൽനിന്നും പൂർണമായ രീതിയിൽ വിമാനങ്ങൾ പറന്നുതുടങ്ങിയതായി ഫ്ലൈദുബായ് വൃത്തങ്ങളും അറിയിച്ചു. അതേസമയം, ദുബായ് വിമാനത്താവളത്തിൽ എല്ലാ സർവിസുകളും പൂർവ സ്ഥിതിയിലാക്കാൻ തീവ്രമായ ശ്രമം തുടരുകയാണെന്ന് ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
യാത്ര മുടങ്ങിയവർക്ക് ആവശ്യമായ സഹായം നൽകിവരുന്നതായി അറിയിച്ച അദ്ദേഹം, പ്രയാസം നേരിട്ട യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെ എണ്ണം 48 മണിക്കൂർകൂടി പരിമിതപ്പെടുത്തുമെന്ന് വെള്ളിയാഴ്ച എയർപോർട്ട് അധികൃതർ അറിയിച്ചിരുന്നു. അതോടൊപ്പം, വിമാനത്താവളത്തിൽ തിരക്ക് കുറക്കുന്നതിന് യാത്രക്കാരോട് വളരെ നേരത്തേ എത്തേണ്ടതില്ലെന്നും ആവശ്യപ്പെട്ടു.
യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പ് മാത്രം എത്തിച്ചേർന്നാൽ മതിയാകും. വിമാനങ്ങളുടെ ഷെഡ്യൂൾ പുറപ്പെടുന്നതിന് മുമ്പ് പരിശോധിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിൽ ദുബായ് സർവിസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഞായറാഴ്ചവരെ ടിക്കറ്റെടുത്തവർക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാൻ അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിൽനിന്ന് മാത്രമാണ് ദുബായിലേക്ക് എയർ ഇന്ത്യ സർവിസുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കൂടുതലായി കേരളത്തിൽനിന്ന് ദുബായിലെത്തുന്നത്.
എന്നാൽ, ഡൽഹി, മുംബൈ നഗരങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുന്നത് തിരിച്ചടിയാകും. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അബൂദബി ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ പ്രവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല