സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചന നല്‍കി എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ ഇന്നലെ രാത്രി മുതല്‍ സര്‍വീസ് പുനഃരാരംഭിച്ചു. ചെക്ക് ഇന്‍ ആരംഭിച്ചപ്പോള്‍ തന്നെ വന്‍ തിരക്കാണ് ഇന്നലെ രാത്രി ദുബായ് വിമാനത്താളത്തില്‍ അനുഭവപ്പെട്ടത്. സര്‍വീസുകള്‍ പുനഃരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കണ്‍ഫേംഡ് ടിക്കറ്റുള്ളവര്‍ മാത്രം എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതിയെന്ന് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരക്ക് കുറക്കാനാണ് ഈ നിര്‍ദേശം. വെള്ളപ്പൊക്കത്തില്‍പെട്ടുപോയ കാറില്‍ ശ്വാസം മുട്ടിയാണ് രണ്ട് ഫിലിപ്പൈന്‍സ് സ്വദേശികള്‍ മരിച്ചതെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. മറ്റൊരാള്‍ മഴയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. നാല് പേരാണ് യുഎഇ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത്.
റോഡുകളില്‍ നിന്ന് വെള്ളം ഇറങ്ങിതുടങ്ങിയെങ്കിലും പലയിടത്തും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. താമസമേഖലയിലെ വെള്ളപൊക്കത്തില്‍ ദുരിതത്തിലായവരും നിരവധിയാണ്.
അതേസമയം ഷാർജയിൽ നിന്ന് ചൊവ്വാഴ്ച രാത്രി കോഴിക്കോട്ടേക്ക് തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് 40 മണിക്കൂറിലേറെ നീണ്ട ദുരിതം. രാവും പകലും വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയ ഇവരെ ഇന്ന് വിമാനത്തിൽ കയറ്റിയെങ്കിലും മണിക്കൂറുകളായി വിമാനം വൈകുകയാണ്. ഇന്ന് വിവാഹിതനാകേണ്ട നവവരനും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്.
ഏപ്രിൽ 16 ന് രാത്രി 11 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് ഇവർ. മഴക്കെടുതിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ കഴിഞ്ഞ 40 മണിക്കൂറിലേറെ സമയം കൈകുഞ്ഞങ്ങളടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിനകത്ത് കഴിച്ചുകൂട്ടുകയായിരുന്നു. ഇന്ന് ഇവരെ വിമാനത്തിൽ കയറ്റിയെങ്കിലും വിമാനം പിന്നെയും മണിക്കൂറുകൾ വൈകുകയാണ്.
മഴക്കെടുതിയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബോർഡിങ് പാസ് കൈപറ്റിയ എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് വിവരങ്ങൾ നൽകാൻ പോലും ആളില്ലായിരുന്നുവെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല