സ്വന്തം ലേഖകൻ: യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട് ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം ഇമിഗ്രേഷൻ – യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ വരുന്നു. ലോകത്തെ ഏറ്റവും മികച്ച മോഡേൺ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പിലാവുന്ന ഈ സാങ്കേതിക പരിഷ്കരണം സിമ് ലസ് ട്രാവൽ ഫ്ലാറ്റ്ഫോം എന്ന പേരിലാണ് അറിയപ്പെടുക.
യാത്രക്കാർ വിമാനത്താവളത്തിലൂടെ നടന്ന് പോകുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫേഷ്യൽ റെക്കഗനിഷൻ കാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും സിസ്റ്റത്തിലെ ബയോമെട്രിക് രേഖകയും യാത്രക്കാരുടെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് യാത്രാ നടപടി സാധ്യമാകുന്നത്.
ദുബായിൽ നടന്നുവരുന്ന ജൈറ്റെക്സ് ഗ്ലോബലിൽ ദുബായ് ഇമിഗ്രേഷൻ വകുപ്പാണ് ഈ പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. ഈ യാത്ര നടപടി സാധ്യമാക്കാൻ ദുബായിലെ വിമാനത്താവളങ്ങൾ ഉടനീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എഐ കാമറകൾ സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അയാളുടെ രേഖകളുമായി സിസ്റ്റം താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് ജിഡിആർഎഫ്എ ദുബായ് സ്മാർട്ട് സേവനങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ലഫ്. കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു.
പാസ്പോർട്ട് നിയന്ത്രണത്തിൽ കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ ഇമിഗ്രേഷൻ ഓഫീസർമാരോ ഉണ്ടാകില്ല. യാത്രക്കാർക്ക് ഒരു രേഖകളും കാണിക്കാതെ കടന്നുപോകാം. ഇതിലൂടെ സ്മാർട്ട് ഗേറ്റുകളും പാസ്പോർട്ട് ഇടനാഴിയും എന്ന ആശയം ഇല്ലാതാകും. വിമാനക്കമ്പനികളുടെയും മറ്റ് കക്ഷികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. അതിൻ്റെ നിർവഹണം അടുത്ത കാലങ്ങളിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സേവനങ്ങൾ വേഗത്തിലാക്കാൻ ജിഡിആർഎഫ്എ എപ്പോഴും പരിശ്രമിക്കുന്നു. യാത്രക്കാരായ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ ഞങ്ങളുടെ പക്കലുണ്ടെന്നും അതിലുടെ നടപടികൾ എളുപ്പമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടയിൽ എട്ട് നൂതന സ്മാർട്ട് സേവനങ്ങളാണ് ഇത്തവണത്തെ ജൈറ്റെക്സ് മേളയിൽ ജിഡിആർഎഫ്എ അവതരിപ്പിച്ചത്. രാജകുടുംബാംഗങ്ങളും മുതിർന്ന സർക്കാർ സ്ഥാപന മേധാവികളും ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള കമ്പനി മേധാവികളും അടക്കം നിരവധി പേരാണ് ഇതിനകം ഡയറക്ടറേറ്റിന്റെ പവലിയൻ സന്ദർശിച്ചത്.
തടസ്സമില്ലാത്ത യാത്ര ഫ്ലാറ്റ്ഫോമിന് പുറമേ ദുബായിൽ എത്തുന്നതിനു മുൻപ് താമസക്കാർക്കും സന്ദർശകർക്കും അവരുടെ ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാനുള്ള പ്രീ – രജിസ്ട്രേഷൻ സംവിധാനവും ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങളും വിവരങ്ങളും വാഗ്ദാനം എഐ പവർഡ് ഡിജിറ്റൽ അസിസ്റ്റന്റ് സിസ്റ്റം അടക്കമുള്ള പുതിയ സേവനങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല