സ്വന്തം ലേഖകൻ: തിരക്ക് വർധിച്ചതോടെ യാത്രക്കാരല്ലാത്തവർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 17വരെ നിയന്ത്രണം ഏർപ്പെടുത്തി. തിരക്കുള്ളപ്പോൾ ടെർമിനലിലേക്ക് യാത്രക്കാർക്ക് മാത്രമാണ് പ്രവേശനം. ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ ടാക്സികൾക്ക് മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം.
ഏകദേശം 33 ലക്ഷം പേർ ഈ സമയം വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കരുതുന്നത്. 9.14 ലക്ഷം യാത്രക്കാർ ദുബായിൽ നിന്ന് വിദേശത്തേക്ക് പോകും. 12 മുതൽ 14വരെ തിരക്ക് പാരമ്യത്തിലെത്തും. 13 ആണ് ഏറ്റവും തിരക്കേറിയ ദിവസം. അന്നു മാത്രം 2.86 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലെ യാത്രക്കാർ ശരാശരി 2.74 ലക്ഷം ആയിരിക്കും. എല്ലാ വിമാന കമ്പനികളും യാത്രക്കാരോട് 3 മണിക്കൂർ മുൻപെങ്കിലും എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാരുടെ ബുക്കിങ്ങിൽ 35% വർധനയുണ്ടെന്ന് വിമാന യാത്രയുമായി ബന്ധപ്പെട്ട സേവനദാതാവായ ഡിനാറ്റ റിപ്പോർട്ട് ചെയ്തു. റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടെർമിനൽ ഒന്നിലേക്കും മൂന്നിലേക്കുമുള്ള യാത്രക്കാർ മെട്രോ സർവീസ് തിരഞ്ഞെടുക്കണമെന്ന് എയർപോർട്ട് അധികൃതർ നിർദേശിച്ചു.
ലഗേജുകൾ അടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. തൂക്കം, പെട്ടിയുടെ വലുപ്പം എന്നിവ സംബന്ധിച്ചുള്ള നിർദേശങ്ങൾ പാലിക്കണം. ഹാൻഡ് ബാഗേജിലും ചെക്ക് ഇൻ ബാഗേജിലും വയ്ക്കുന്ന സാധനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ പാലിച്ചെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ചാർജറും പവർ ബാങ്കുകളും ഹാൻഡ് ബാഗേജിൽ തന്നെ സൂക്ഷിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല