സ്വന്തം ലേഖകൻ: യാത്രയ്ക്കൊരുങ്ങുമ്പോൾ നിരോധിത വസ്തുക്കൾ ലഗേജിലോ ഹാൻഡ് ബാഗേജിലോ സൂക്ഷിക്കരുതെന്ന് വീണ്ടും ഓർമിപ്പിച്ചു ദുബായ് രാജ്യാന്തര വിമാനത്താവളം. ബാറ്ററി, ചാർജർ, പവർ ബാങ്ക് എന്നിവ ഹാൻഡ് ലഗേജിൽ തന്നെ സൂക്ഷിക്കുക. സ്പ്രേ അടക്കം ദ്രവ രൂപത്തിലുള്ള സാധനങ്ങൾ ചെക്ക് ഇൻ ലഗേജിൽ കയറ്റി വിടുക.
ഇക്കാര്യത്തിൽ ഇപ്പോഴും യാത്രക്കാർ കാണിക്കുന്ന അശ്രദ്ധ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ പലപ്പോഴും കാര്യങ്ങൾ വൈകിപ്പിക്കാൻ കാരണമാകുന്നു. യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, വിമാന യാത്രയിൽ ഇനി പറയുന്ന കാര്യങ്ങൾ ഓർക്കാം.
മൊബൈൽ ഫോൺ, വോലറ്റ്, വാച്ച്, താക്കോൽ തുടങ്ങിയവ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാം. ലാപ്ടോപ്പും കയ്യിൽ കരുതുന്നതാണ് നല്ലത്. ഇരുമ്പ് ബക്കിൾ ഉള്ള ബെൽറ്റോ, ഹൈ ഹീൽഡ് ചെരിപ്പോ ഉപയോഗിക്കുന്നെങ്കിൽ സ്കാനർ ട്രേയിൽ പരിശോധനയ്ക്കായി നൽകുക.
വെള്ളം കരുതുന്നെങ്കിൽ വ്യക്തമായി കാണാവുന്ന പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുക. 100 മില്ലി ലീറ്ററിൽ കൂടാൻ പാടില്ല. മരുന്ന്, കുട്ടികളുടെ പാൽ, ഭക്ഷണം എന്നിവയ്ക്ക് ഇളവുണ്ട്. ബാറ്ററി ഉള്ള ഉപകരണങ്ങൾ കഴിവതും ഹാൻഡ് ബാഗേജിൽ കരുതുക. ഊരിയെടുക്കാൻ കഴിയാത്ത ലിഥിയം ബാറ്ററിയുള്ള സാധനങ്ങൾ ചെക്ക് ഇൻ ബാഗേജിൽ അനുവദിക്കും. എന്നാൽ, ബാറ്ററി കൃത്യമായ മാനദണ്ഡം പാലിക്കുന്നതാവണം. ഉപകരണം ഓഫാക്കിയിരിക്കണം.
തലമുടി ചീകാനും ഒതുക്കാനുമുള്ള ഉപകരണങ്ങൾ കൃത്യമായ സുരക്ഷാ കവറുകളോടെ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാം. ചികിത്സ സംബന്ധമായി ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടർ, നെബുലൈസർ തുടങ്ങിയവ ഹാൻഡ് ബാഗേജിൽ കരുതാം. ഇ സിഗരറ്റ് ചെക്ക് ഇൻ ബാഗേജിൽ അനുവദിക്കില്ല. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വീൽചെയർ ചെക്ക് ഇൻ ലഗേജിൽ നൽകണം. തെർമോ മീറ്റർ, മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണം എന്നിവ ചെക്ക് ഇൻ ബാഗേജിൽ അയയ്ക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല