1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2023

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയര്‍പോട്ടില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ പ്രവേശന നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമായി. സമയനഷ്ടം ഒഴിവാക്കാനും കാത്തിരിപ്പ് ദൈര്‍ഘ്യം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. മൂന്നില്‍ ഒരു യാത്രക്കാരിലധികം സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതായാണ് കണക്ക്. ഈ വര്‍ഷം ആദ്യ പകുതി പിന്നിട്ടപ്പോള്‍ 9 ദശലക്ഷം യാത്രക്കാരാണ് 120 ഗേറ്റുകളിലൂടെ കടന്നുപോയത്.

സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താന്‍ അര്‍ഹതയുണ്ടോ എന്ന് യാത്രക്കാര്‍ക്ക് വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. ഇതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ അഫയേഴ്‌സ്-ദുബായ് (ജി.ഡി.ആര്‍.എഫ്.എ-ദുബായ്)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ gdrfad.gov.ae സന്ദര്‍ശിക്കാം. ഹോം പേജില്‍ താഴോട്ട് സ്‌ക്രോള്‍ ചെയ്താല്‍ എന്‍ക്വയറി ഫോര്‍ സ്മാര്‍ട്ട് ഗേറ്റ് രജിസ്‌ട്രേഷന്‍ എന്ന് കാണാം. ഇവിടെയുള്ള സ്റ്റാര്‍ട്ട് സര്‍വീസ് എന്ന ചുവന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക.

അടുത്തതായി, ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുക. ഫയല്‍ നമ്പര്‍, എമിറേറ്റ് ഐ.ഡി നമ്പര്‍, യു.ഡി.ബി നമ്പര്‍ അല്ലെങ്കില്‍ എമിറേറ്റ്‌സ് ഏകീകൃത നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയാണ് ഓപ്ഷനുകള്‍. ഫയല്‍ നമ്പര്‍ പാസ്‌പോര്‍ട്ടിലെ വീസ സ്റ്റിക്കറിലോ നിങ്ങള്‍ക്ക് ലഭിച്ച സന്ദര്‍ശക -വീസയിലോ കണ്ടെത്താനാകും. ഫയല്‍ നമ്പര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ‘റെസിഡന്റ്’ അല്ലെങ്കില്‍ ‘പെര്‍മിറ്റ്’ എന്ന ഓപ്ഷന്‍ തെളിയും. വീസ നല്‍കിയ എമിറേറ്റ് തിരഞ്ഞെടുക്കുക.

പാസ്‌പോര്‍ട്ട് നമ്പര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മാതൃരാജ്യത്തിന്റെ പേരും പാസ്‌പോര്‍ട്ട് നമ്പറുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് ജനനത്തീയതി നല്‍കാം. പുരുഷനാണോ സ്ത്രീയാണോ എന്നും രേഖപ്പെടുത്തണം.

സ്‌ക്രീനില്‍ തെളിയുന്ന കോഡ് നമ്പര്‍ ടൈപ്പ് ചെയ്ത് സബിമിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയാതാല്‍ റെക്കോര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ-ദുബായ് നിങ്ങളെ അറിയിക്കും. ‘റെക്കോര്‍ഡ് ഈസ് ജിസ്റ്റേര്‍ഡ് എന്ന് കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിമാനത്താവളത്തില്‍ സെക്കന്റുകള്‍ക്കുള്ളില്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാം എന്നതാണ് ഇതിന്റെ സവിശേഷത. ഈ വര്‍ഷം ആദ്യ പകുതിയില്‍ 26 ദശലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കൗണ്ടറുകളും സ്മാര്‍ട്ട് ഗേറ്റുകളും ഉപയേഗിച്ചതെന്ന് ജിഡിആര്‍എഫ്എ ദുബായുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ പ്രവേശന, എക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 120 സ്മാര്‍ട്ട് ഗേറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ദുബായ് വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കൗണ്ടറുകളും സ്മാര്‍ട്ട് ഗേറ്റുകളും വന്‍തോതില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ സജ്ജമാണെന്ന് ജിഡിആര്‍എഫ്എ ദുബായ് യറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. യാത്രക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നതിനാല്‍ 2023ന്റെ രണ്ടാം പകുതിയില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. സെല്‍ഫികള്‍ മാത്രം ഉപയോഗിച്ച് ചെക്ക്ഇന്‍ ചെയ്യാനുള്ള സംവിധാനവും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വൈകാതെ സജ്ജമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.