1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2023

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയര്‍പോട്ടില്‍ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സുഗമമാക്കുന്നതിനായി സിംഗിള്‍ ബയോമെട്രിക് പരിശോധനാ സംവിധാനം ആരംഭിച്ചു. ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിങ് എന്നിവയ്ക്കായി ഒരു പരിശോധന മാത്രം മതിയാവും.

വിമാനത്താവളത്തില്‍ ഒരൊറ്റ ബയോമെട്രിക് സ്‌കാനിലൂടെ നിരവധി പ്രക്രിയകളാണ് ഇല്ലാതാവുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് വര്‍ഷമായി ഈ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ജിഡിആര്‍എഫ്എ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. യാത്രക്കാരുടെ സഞ്ചാരം വേഗത്തിലാക്കാനും പരമ്പരാഗത രൂപത്തിലുള്ള ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. നിരവധി പ്രക്രിയകള്‍ ലളിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഈ വര്‍ഷത്തെ ആദ്യ ആറു മാസത്തിലെ 42 ദശലക്ഷം യാത്രക്കാരില്‍ 37 ശതമാനം പേരും ഉപയോഗപ്പെടുത്തിയതായി ജിഡിആര്‍എഫ്എയിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് സെക്ടറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ ഷാംഗേതി വെളിപ്പെടുത്തി. അടുത്ത വര്‍ഷങ്ങളില്‍ ഇത് 80 ശതമാനമായി ഉയര്‍ത്തും. മൂന്നില്‍ ഒരു യാത്രക്കാരിലധികം സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതായാണ് കണക്ക്.

സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വന്നതോടെ പ്രവേശന നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമായി. സമയനഷ്ടം ഒഴിവാക്കാനും കാത്തിരിപ്പ് ദൈര്‍ഘ്യം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിമാനത്താവളത്തില്‍ സെക്കന്റുകള്‍ക്കുള്ളില്‍ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാം എന്നതാണ് സ്മാര്‍ട്ട് ഗേറ്റിന്റെ സവിശേഷത. സെല്‍ഫികള്‍ മാത്രം ഉപയോഗിച്ച് ചെക്ക്ഇന്‍ ചെയ്യാനുള്ള സംവിധാനവും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വൈകാതെ സജ്ജമാക്കുന്നുണ്ട്.

സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താന്‍ അര്‍ഹതയുണ്ടോ എന്ന് യാത്രക്കാര്‍ക്ക് വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ അഫയേഴ്‌സ്-ദുബായുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഹോം പേജില്‍ എന്‍ക്വയറി ഫോര്‍ സ്മാര്‍ട്ട് ഗേറ്റ് രജിസ്‌ട്രേഷന്‍ എന്ന് കാണാം. ഇവിടെയുള്ള സ്റ്റാര്‍ട്ട് സര്‍വീസ് എന്ന ചുവന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ‘റെക്കോര്‍ഡ് ഈസ് രജിസ്റ്റേര്‍ഡ് എന്ന് കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം.

സെക്കന്റുകള്‍ക്കുള്ളില്‍ പ്രവേശന, എക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 120 സ്മാര്‍ട്ട് ഗേറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ യാത്രക്കാരുടെ ഇഷ്ട വിമാനത്താവളങ്ങളില്‍ ദുബായ് അടുത്തിടെ രണ്ടാംസ്ഥാനം നേടിയിരുന്നു. 2023ലെ ട്രാവല്‍ പ്ലസ് ലെഷര്‍ പട്ടികയിലാണ് മുന്നിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.