സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഹീത്രുവിനെ പിന്തള്ളിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഒന്നാമതെത്തിയത്. ആഗോളതലത്തില്‍ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഒ.എ.ജി. ഏവിയേഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
49 ലക്ഷം യാത്രക്കാരാണ് ഈ മാസം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ലണ്ടനിലെ ഹീത്രുവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തിലെ പ്രകടനം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് ദുബായ് വിമാനത്താവളങ്ങളുടെ സി.ഇ.ഒ. പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. യാത്രക്കാരുടെ എണ്ണം 2019-ലെ സ്ഥിതിയിലേക്ക് ഉടനെയെത്തുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2.12 കോടിയിലേറെ യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം സ്വീകരിച്ചത്.
രണ്ടാം പകുതിയിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് തുടരാനാണ് സാധ്യത. ചൈനയിലെ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതും പ്രാദേശിക ആഘോഷ സീസണുകള്‍ ആരംഭിക്കുന്നതും വ്യോമയാന മേഖലയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. ആംസ്റ്റര്‍ഡാം, ഗാറ്റ്വിക്ക്, ദോഹ എന്നീ വിമാനത്താവളങ്ങളും പട്ടികയിലെ ആദ്യപത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല