സ്വന്തം ലേഖകൻ: ദുബായിലെ തൊഴിലാളികൾക്ക് ഇനി വർഷം തോറും നാല് വാർഷിക ആഘോഷങ്ങൾ. ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ, ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ച് ബ്ലൂ-കോളർ തൊഴിലാളികൾക്ക് പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. യുഎയും ദുബായ് എമിറൈറ്റും കൈവരിച്ച വൻ പുരോഗതിയിലും വികസനത്തിലും തൊഴിലാളി സമൂഹം നൽകിയ മഹത്തായ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഈ ആഘോഷങ്ങൾ.
ഈ വർഷത്തെ ഈദ് ആഘോഷങ്ങൾ ഏപ്രിൽ 7 മുതൽ 12വരെ ദുബായിൽ നടക്കും. ‘ഞങ്ങൾ ഒരുമിച്ച് ഈദ് ആഘോഷിക്കുന്നു’ എന്ന പേരിൽ ജബൽ അലി, അൽ ഖുസ്, മുഹൈസിന എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക. സംഗീതം, കല, കായിക പ്രകടനങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ ഉണ്ടാകും. കാറുകൾ, സ്വർണ നാണയങ്ങൾ, സ്മാർട്ട് ഫോണുകൾ, ഡിസ്കൗണ്ട് കാർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി സമ്മാനങ്ങളും തൊഴിലാളികൾക്ക് ലഭിക്കും.
വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുന്ന സുപ്രധാന ഘടകമാണ് മാനവ വിഭവശേഷി എന്നതിനാൽ, ഏതൊരു സ്ഥാപനത്തിൻ്റെയും സമൂഹത്തിൻ്റെയും വിജയത്തിൻ്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് ഈ ആഘോഷങ്ങളിലൂടെ ആദരിക്കപ്പെടുന്നതെന്ന് ലഫ്റ്റനന്റ് ജനറൽ അൽ മർറി വ്യക്തമാക്കി.
ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. ശോഭ റിയാലിറ്റി, എല്ലിംഗ്ടൺ പ്രോപ്പർട്ടീസ്, എമിറേറ്റ്സ് എയർലൈൻസ്, തഖ്ദീർ അവാർഡ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് പിന്തുണ നൽകുന്നത്. പ്രാദേശിക ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ, തൊഴിലാളികൾ നിർമിച്ച ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ലേബർ മാർക്കറ്റും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും.
കൂടാതെ, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, വോളിബോൾ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ എന്നിവ ഉൾപ്പെടുന്ന കായിക ടൂർണമെന്റുകളുടെ സൗഹൃദ മത്സരവും നടക്കുന്നതാണ്. തൊഴിലാളികളുടെ അറിവ് വർധിപ്പിക്കുന്നതിനും മൂല്യവത്തായ ഉൾക്കാഴ്‌ചകൾ നൽകുന്നതിനുമായി ചോദ്യോത്തര സെഷനുകളും ഉണ്ടാകും.
എമിറേറ്റ്സ് എയർലൈൻസ് നൽകുന്ന ടിക്കറ്റുകൾ, മൂന്ന് പുതിയ നിസാൻ സണ്ണി കാറുകൾ, 150 മൊബൈൽ ഫോണുകൾ, തഖ്ദീർ അവാർഡിൽ നിന്നുള്ള 600 പ്രത്യേക കിഴിവ് കാർഡുകൾ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ 300 സ്വർണ്ണ നാണയങ്ങൾ എന്നിവയുൾപ്പെടെയുള്ളവയാണ് സമ്മാനങ്ങൾ
ദുബായിലെ ഈദുൽ ഫിത്തർ ആഘോഷങ്ങൾ തങ്ങളുടെ തൊഴിലാളികളെ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നഗരത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ്. ഐക്യബോധവും കമ്മ്യൂണിറ്റി സ്പിരിറ്റും വളർത്തിയെടുക്കുന്നതിനൊപ്പം തൊഴിലാളികളുടെ കഴിവുകളും സംഭാവനകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഈ പരിപാടി പ്രവർത്തിക്കുന്നുവെന്ന് ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല