സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടുവന്നു. സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്.
മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. സന്ദർശകവിസയിലെത്തുന്നവർ പുതിയ നിയമങ്ങൾ പാലിച്ചിരിക്കണമെന്നും അധികൃതർ ആവർത്തിച്ച് ഓർമപ്പെടുത്തി. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ നൂറിലേറെ ഇന്ത്യക്കാർ യാത്രാനിയമങ്ങൾ മാറിയതറിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയതിനെത്തുടർന്നാണ് അധികൃതരുടെ ഓർമപ്പെടുത്തൽ. പിന്നീട് കുടുങ്ങിയ പകുതിപേർക്കും പ്രവേശനാനുമതി നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ബാക്കിയുള്ളവരെ മടക്കിയയച്ചതായി ഇന്ത്യൻ വൈസ് കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. മിനിമം മാനദണ്ഡങ്ങളെങ്കിലും പാലിച്ചവർക്കാണ് അധികൃതർ പ്രവേശനം അനുവദിച്ചത്.
സന്ദർശകവിസക്കാർക്ക് റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന നേരത്തേയുണ്ട്. എന്നാൽ, അതും ഇല്ലാത്തവരായിരുന്നു വന്നിറങ്ങിയവരിൽ ഏറെയും. ഏറെനേരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണവും വേണ്ട സൗകര്യങ്ങളും നൽകിയിരുന്നു. ആവശ്യമായ പണം കൈയിലില്ലാത്തതും മറ്റു മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടുമാണ് പുറത്തേക്കിറങ്ങാൻ തടസ്സമായതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അധികൃതർ വിശദീകരിച്ചു.
ഇന്ത്യക്കാർക്കുപുറമേ പാകിസ്താനിൽനിന്നുള്ള 500-ഓളം പേരും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. പിന്നീട് തിരിച്ചുപോകുന്ന വിമാനങ്ങളിലെ സീറ്റ് ലഭ്യതയ്ക്കനുസരിച്ച് എല്ലാവരെയും മടക്കിയയച്ചു. കുവൈത്ത്, സൌദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ളവരുമുണ്ടായിരുന്നു. ബുധനാഴ്ച ഫ്ളൈ ദുബായ്, എമിറേറ്റ്‌സ്, എയർബ്ലൂ, പി.ഐ.എ വിമാനങ്ങളിൽ എത്തിയവർക്കാണ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് അനുമതി നിഷേധിച്ചത്.
അതേസമയം സന്ദർശകവിസയ്ക്ക് മാതൃരാജ്യത്തേക്ക് തിരിച്ചുപോകും എന്ന വാഗ്ദാനപത്രം, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ വേണമെന്നുള്ള അധികനിബന്ധനകൾ ദുബായ് നേരത്തേതന്നെ പിൻവലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല