1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2022

സ്വന്തം ലേഖകൻ: എക്‌സ്‌പോ 2020യിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ-വ്യവസായ മന്ത്രി പി.രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കേരള ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായം) എ.പി.എം മുഹമ്മദ് ഹനീഷ്, ദുബായ്യിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

കേരള പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന ‘കേരള വീക്കി’ല്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്പ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്‍ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കുന്നതാണ്.

സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിംഗ്‌സ് ബിസിനസ്, കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കുന്നതാണ്. പ്രവാസികളുടെ ക്ഷേമ-സാമൂഹിക ആനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ നോര്‍ക വകുപ്പ് നല്‍കുന്നതാണ്.

കേരളാടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ യുഎഇയില്‍ നിന്നുള്ള നിക്ഷേപകരുമായി ഐടി & സ്റ്റാര്‍ട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാര്‍ട്ടപ്പുകളുടെ വിജയ ഗാഥകള്‍ പങ്കിടുകയും ചെയ്യും. കാരവന്‍ ടൂറിസം, എക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കുന്നതാണ്. വ്യാപാര-ബിസിനസ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും ബിസിനസ് മീറ്റിംഗുകള്‍ക്കും സൗകര്യവുമുണ്ടാകുന്നതാണ്.

രണ്ടു വർഷത്തിനിപ്പുറം വീണ്ടും ദുബായ്യിൽ എത്തിയ മുഖ്യമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച്​ മലയാളി പ്രവാസികൾ. കോവിഡ്​ മൂലം നാട്ടിലേക്ക്​ മടങ്ങിയ ആയിരക്കണക്കിന്​ മലയാളികളുടെ പുനരധിവാസം സംബന്ധിച്ച്​ ഇനിയും നടപടി ഉണ്ടായിട്ടില്ല. അതേസമയം, നിക്ഷേപക സംഗമങ്ങൾക്കപ്പുറം ദുബായ്യിൽ പൊതുപരിപാടി വേണ്ടെന്നു വെച്ചത്​ സാധാരണ പ്രവാസികൾക്ക്​ തിരിച്ചടിയാണ്​.

കോവിഡ്​ കാരണം നാട്ടിൽ മടങ്ങിയെത്തിയവരുടെ ​പുനരധിവാസം, നിർബന്​ധിത ക്വാറൻറയിൻ ഉപേക്ഷിക്കൽ, ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ്​ പ്രവാസലോകത്തു നിന്നും ഉയരുന്നത്​. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്നുള്ള നിസ്സംഗ നിലപാടിൽ പ്രവാസലോകത്ത്​ പ്രതിഷേധം ശക്തമാണ്​.

ഭരണാധികാരികളെയും സ്​ഥാപന​ മേധാവികളെയും നേരിൽ കണ്ട്​ മുഖ്യമന്ത്രി ചർച്ച നടത്തും. അറബ്​, മലയാളി നിക്ഷേപകരുടെ സംഗമങ്ങളിലും മുഖ്യമന്ത്രി സംബന്​ധിക്കും. മുഖ്യമന്ത്രി മിക്കവാറും ഫെബ്രുവരി അഞ്ചാം തീയതിയോടെ മുഖ്യമന്ത്രി നാട്ടിലേക്ക്​ തിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.