1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2025

സ്വന്തം ലേഖകൻ: എമിറേറ്റിലെ യുവതീ യുവാക്കളെ വിവാഹിതരാവാന്‍ പ്രോത്സാഹിപ്പിക്കുകയും അതിന് സൗകര്യം ഒരുക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി 540 കോടി ദിര്‍ഹമിൻ്റെ ഭവന നിര്‍മാണ പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന മൂവായിരത്തിലധികം യുവതീ യുവാക്കള്‍ക്ക് റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതാണ് പദ്ധതി.

ജനുവരി നാലിന് ആരംഭിച്ച ശെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ഭവന നിര്‍മാണ പദ്ധതി. ഇത് കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്തുണാ നടപടികളിലൂടെ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു.

‘യുവ ജനങ്ങളെ വിവാഹം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങള്‍ക്ക് മാന്യമായ വീട് നല്‍കുക, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ യുവജനങ്ങള്‍ ജീവിതം ആരംഭിക്കാന്‍ ഇത് അവര്‍ക്ക് പ്രോത്സാഹനം ആകുമെന്നും ശെയ്ഖ് മുഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക, ലോജിസ്റ്റിക് വെല്ലുവിളികള്‍ ലഘൂകരിച്ച് കുടുംബങ്ങള്‍ തുടങ്ങുന്നതില്‍ യുവ എമിറാത്തികളെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്ന ‘ദുബായ് വെഡ്ഡിംഗ്‌സ്’ സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ മുന്‍ഗണന നല്‍കും.

ദുബായിലുടനീളമുള്ള 3,004 പുതിയ വീടുകള്‍ ഈ സംരംഭത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ലത്തീഫ സിറ്റിയില്‍ 1,181 വീടുകള്‍, വാദി അല്‍ അമര്‍ദിയില്‍ 432 വീടുകള്‍, ഹത്തയിലെ മകാന്‍ മേഖലയില്‍ 200 വീടുകള്‍, നാട്ടിന്‍പുറങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി 67 വീടുകള്‍, അല്‍ യലായ്സ്-5ല്‍ 606 വീടുകള്‍, അല്‍ അവീറില്‍ 398 വീടുകള്‍, ഔദ് അല്‍ മുതീനയില്‍ 120 വീടുകള്‍ എന്നിങ്ങനെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഹിന്ദ് ബിന്‍ത് മക്തൂം, ഹംദാന്‍ ബിന്‍ മുഹമ്മദ്, മക്തൂം ബിന്‍ മുഹമ്മദ് എന്നിവരുമായി ചേര്‍ന്ന് നമ്മുടെ പൗരന്മാരുടെ സമൃദ്ധിക്കും സ്ഥിരതയ്ക്കും ആശ്വാസത്തിനും സംഭാവന ചെയ്യുന്ന എല്ലാത്തിനും താന്‍ പിന്തുണ നല്‍കുന്നത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.