1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2024

സ്വന്തം ലേഖകൻ: ഇത്തവണ ദുബായ് സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാന്‍ ചെലവേറും. സ്‌കൂളിന്റെ അക്കാദമിക നിലവാരത്തിന് അനുസൃതമായി നിലവിലെ ഫീസിന്റെ 5.2 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ നേരത്തേ ദുബായ് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീസ് വര്‍ധന. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയതായി ദുബായിലെ രക്ഷിതാക്കളില്‍ ചിലര്‍ പറഞ്ഞു.

ഏപ്രിലില്‍ ക്ലാസ്സുകള്‍ ആരംഭിച്ച ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ നിന്നാണ് അറിയിപ്പുകള്‍ വന്നു തുടങ്ങിയത്. അന്താരാഷ്ട്ര സിലബസ് പ്രകാരുമുള്ള സ്‌കൂളുകളില്‍ സെപ്റ്റംബറിലാണ് അക്കാദമിക വര്‍ഷം ആരംഭിക്കുക. ഏറ്റവും പുതിയ വാര്‍ഷിക പരിശോധനയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് 5.2 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണിത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഓരോ സ്‌കൂളുകള്‍ക്കും നിശ്ചിത ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കുന്നത്. കോവിഡ് -19 കാരണം 2020 മുതല്‍ 2023 വരെയുള്ള മൂന്ന് വര്‍ഷം സ്‌കൂള്‍ ഫീസില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ 2023 മുതല്‍ ഫീസ് വര്‍ധനവിന് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.

എന്നാല്‍ സ്‌കൂള്‍ ഫീസ് വര്‍ധനവിനെ വലിയ ആശങ്കയോടെയാണ് രക്ഷിതാക്കള്‍ നോക്കിക്കാണുന്നത്. പൊതുവെ ജീവിതച്ചെലവ് കൂടിയതും കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ വര്‍ധിച്ചതും കാരണം സ്‌കൂള്‍ ഫീസ് വര്‍ധനവ് താങ്ങാനാവുന്നതില്‍ അപ്പുറമാണെന്നാണ് പ്രത്യേകിച്ച് പ്രവാസി രക്ഷിതാക്കളുടെ പരാതി. അതേസമയം, സ്‌കൂള്‍ ഫീസ് വര്‍ധനവിന് അനുസൃതമായി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന് ആശ്വസിക്കുന്ന രക്ഷിതാക്കളുമുണ്ട്.

കാരണം ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ വാര്‍ഷിക പരിശോധനയ്ക്കു ശേഷം പുറത്തിറക്കുന്ന വിദ്യാഭ്യാസ നിലവാര സൂചികയിലെ റാങ്കിംഗ് അനുസരിച്ചാണ് പരമാവധി 5.2 ശതമാനം വരെ ഫീസ് വര്‍ധന നടപപ്പില്‍ വരുത്തുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫീസ് വാങ്ങാന്‍ അനുവാദമുണ്ടായിരിക്കും.

നിശ്ചിത നിലവാരം ഇല്ലാത്ത സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനയ്ക്ക് അനുമതിയുമില്ല. ‘ദുര്‍ബലം’ (Weak), ‘സ്വീകാര്യം’ (Acceptable), ‘നല്ലത്’ (Good), ‘വളരെ നല്ലത്’ (Very Good), ‘മികച്ചത്’ (Outstanding) എന്നിങ്ങനെയാണ് സ്‌കൂളുകളുടെ റേറ്റിംഗ്. നിലവാരത്തിലെ മികവിന് അനുസരിച്ചാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി എന്നതാണ് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാലയങ്ങള്‍ കിണഞ്ഞു ശ്രമിക്കുമെന്നാണ് രക്ഷിതാക്കളുടെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.