സ്വന്തം ലേഖകൻ: യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 10 മുതൽ 35% വരെ വർധിപ്പിച്ചു. 3 മാസത്തിനിടെ ഇരുപതോളം ഇൻഷൂറൻസ് കമ്പനികളാണ് പ്രീമിയം ഗണ്യമായി കൂട്ടിയത്. ശേഷിച്ച കമ്പനികളും നിരക്കു വർധനയുടെ പാതയിലാണെന്നത് പ്രവാസി കുടുംബങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടുന്നു.
കോവിഡിനു ശേഷം ആരോഗ്യപ്രശ്നങ്ങൾ കൂടിയതും മരുന്നിന്റെയും ചികിത്സയുെടയും ചെലവ് കൂടിയതുമാണ് നിരക്കു വർധനയ്ക്കു കാരണമെന്നാണ് കമ്പനികളുടെ വാദം. ജോലിക്കാർക്ക് കമ്പനി ഇൻഷുറൻസ് നൽകുമെങ്കിലും ഭൂരിഭാഗം കുടുംബാംഗങ്ങളുടെയും ഇൻഷുറൻസ് തുക വ്യക്തികളാണ് വഹിക്കുന്നത്.
അതുകൊണ്ടുതന്നെ പ്രീമിയം വർധന കുടുംബ ബജറ്റിനെ താളം തെറ്റിക്കും. അപൂർവം ചില കമ്പനികൾ മാത്രമാണ് കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ നൽകുന്നത്. നാലംഗ കുടുംബത്തിന് താരതമ്യേന നല്ല ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇൻഷൂറൻസിന് വർഷത്തിൽ 10,000 ദിർഹമെങ്കിലും മാറ്റിവയ്ക്കേണ്ടിവരും. മരുന്നുകൾക്കും സേവന നിരക്കിലും 10–20% വർധനയാണ് പ്രീമിയം കൂട്ടാൻ പ്രേരിപ്പിച്ചതെന്നാണ് ചില കമ്പനികളുടെ വാദം. 4000 ദിർഹത്തിൽ കൂടുതൽ ശമ്പളമുള്ള 18–45 വയസ്സിനിടയിൽ പ്രായമുള്ള വനിതകളുടെ ഇൻഷുറൻസ് പ്രീമിയം 10% വർധിപ്പിച്ചു.
ഭർത്താവിന്റെ സ്പോൺസർഷിപ്പിലുള്ളവരുടെ പ്രീമിയം 20–30% കൂട്ടി. എന്നാൽ 4000 ദിർഹത്തിൽ കുറഞ്ഞ ശമ്പളക്കാരുടെ പ്രീമിയം വർധിപ്പിച്ചിട്ടില്ലെന്ന് ചില ഇൻഷൂറൻസ് കമ്പനികൾ ചൂണ്ടിക്കാട്ടി. ഇതേസമയം ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ലോകോത്തര ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ യുഎഇയിൽ ലഭിക്കുന്നതിനാൽ ഹെൽത്ത് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായും റിപ്പോർട്ടുണ്ട്. ദുബായിൽ മാത്രം കഴിഞ്ഞ വർഷം എത്തിയത് 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ. 99.2 കോടി ദിർഹമാണ് ഇവർ ചെലവഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല