സ്വന്തം ലേഖകന്‍: ദുബായ് ആരോഗ്യ സുരക്ഷാ പദ്ധതി, തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പിഴ. 500 ദിര്‍ഹമാണ് ഏറ്റവും ചെറിയ പിഴ. തൊഴിലാളിക്കു ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യവും നല്‍കുന്നില്ലെങ്കില്‍ 600 ദിര്‍ഹമാണു പിഴ അടക്കേണ്ടി വരിക. ഇന്‍ഷൂറന്‍സ് നിയമ ലംഘനങ്ങള്‍ക്കു അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താന്‍ അധികാരം നല്‍കുന്ന വകുപ്പുകളും നിയമത്തിലുണ്ട്.
നിയമ ലംഘനങ്ങളെ തരംതിരിച്ചാണു ഹെല്‍ത്ത് അതോറിറ്റി പിഴയിടുകയെന്ന് അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍, അവരുടെ ഏജന്‍സികള്‍, തൊഴിലുടമകള്‍ എന്നിങ്ങനെയാണു നിയമലംഘനങ്ങളുടെ പട്ടിക തരംതിരിച്ചത്. ഇന്‍ഷൂറന്‍സ് പാക്കേജില്‍ ഉള്‍പ്പെട്ടില്ലെന്നു ഉറപ്പാക്കാന്‍ തൊഴിലാളിയുടെ സമ്മതത്തോടെയാകും പിഴചുമത്തുക. തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് കേസില്‍ മൊത്തം തുക പിഴയായി ചുമത്തില്ലെന്നാണു അതോറിറ്റി നല്‍കുന്ന സൂചന.
ദുബായില്‍ ഇതുവരെ 26 ലക്ഷം പേരാണു ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഭാഗഭാക്കായത്. ഒന്നരവര്‍ഷം മുന്‍പാണു സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി ഹെല്‍ത്ത് അതോറിറ്റി പ്രഖ്യാപിച്ചത്. ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നതിനു മുന്‍പും ശേഷവുമുള്ള കാലഘട്ടം താരതമ്യം ചെയ്താല്‍ പദ്ധതിയില്‍ പങ്കാളികളായവരുടെ എണ്ണം 160 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
75000 സ്വദേശികളാണു ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്. ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് 1.30 ലക്ഷം സ്വദേശികള്‍ ഇന്‍ഷൂറന്‍സിന്റെ പരിധിയിലാകും. വരുംനാളുകളില്‍ എമിറേറ്റിലെ 35 ലക്ഷം ജനങ്ങള്‍ക്കു ആരോഗ്യപരിരക്ഷ ലഭൃമാക്കുകയാണു ഹെല്‍ത്ത് അതോറിറ്റി ലക്ഷൃം. നിയമം പ്രാബല്യത്തിലാക്കാന്‍ നല്‍കിയ സമയപരിധി അവസാനിക്കുന്നതോടെ 93000 തൊഴിലുടമകള്‍ക്കു കീഴിലുള്ള തൊഴിലാളികള്‍ക്കു ആരോഗ്യ പരിരക്ഷയുടെ പ്രയോജനം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല