1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അവസരമൊരുക്കിയതായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാല്‍ 8 ലക്ഷം രൂപ (35,000 ദിര്‍ഹം) മുതല്‍ 17 ലക്ഷം രൂപ (75,000 ദിര്‍ഹം) വരെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണിത്.

യുഎഇയിലെ രണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി. ഗര്‍ഗാഷ് ഇന്‍ഷുറന്‍സ് സര്‍വീസസും ഓറിയന്റ് ഇന്‍ഷുറന്‍സും ഇന്ത്യന്‍ ബ്ലൂ കോളര്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കമ്പനികളും തമ്മിലുള്ള സംയുക്ത യോഗത്തിലാണ് ഇന്‍ഷുറന്‍സ് പാക്കേജില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കിയതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

ബ്ലൂ കോളര്‍ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതി മരണപ്പെടുന്ന ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് വലിയ ആശ്വാസമായി മാറുമെന്ന് കോണ്‍സുലേറ്റ് അഭിപ്രായപ്പെട്ടു. 18 മുതല്‍ 70 വരെ പ്രായമുള്ള ജീവനക്കാര്‍ക്ക് ഇതില്‍ അംഗമാവാം. ഇന്‍ഷുര്‍ ചെയ്ത തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് 12,000 ദിര്‍ഹം ലഭിക്കും.

യുഎഇയിലെ നിരാലംബരായ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്ന ഇന്‍ഷുറന്‍സ് പ്ലാന്‍ ആണിതെന്ന് കോണ്‍സുലേറ്റ് വിശദീകരിച്ചു. വാര്‍ഷിക പ്രീമിയം 37 ദിര്‍ഹം (735 രൂപ) മുതല്‍ 72 ദിര്‍ഹം (1625 രൂപ) വരെയാണ്. കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം കണ്ട് വലിയ സഹായം ലഭ്യമാവുകയും ചെയ്യും. മിക്ക കമ്പനികളും ജീവനക്കാരെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുന്നുണ്ടെങ്കിലും സ്വാഭാവിക മരണത്തിന് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷയില്ല.

ജോലിക്കിടെയുണ്ടാവുന്ന പരിക്കുകള്‍ക്കും അപകട മരണങ്ങള്‍ക്കുമാണ് ഇന്‍ഷുറന്‍സുകളെല്ലാം. 90 ശതമാനത്തിലധികം കേസുകളിലും മരണകാരണം സ്വാഭാവികമാണെന്ന് കാണാം. അതിനാല്‍ മരിച്ചയാളുടെ നിയമപരമായ അവകാശികള്‍ക്ക് അല്ലെങ്കില്‍ ആശ്രിതര്‍ക്ക് സ്വാഭാവിക മരണങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും ഇത് പരിഹരിക്കുന്നതാണ് പുതിയ പോളിസിയെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

യുഎഇയില്‍ 35 ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. അതില്‍ 65 ശതമാനവും ബ്ലൂ കോളര്‍ തൊഴിലാളികളാണ്. യുഎഇയിലെ ഏറ്റവും വലിയ കുടിയേറ്റ തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. 2022ല്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ 1,750 മരണം രജിസ്റ്റര്‍ ചെയ്തതില്‍ 1,100ഉം സാധാരണ തൊഴിലാളികളാണ്. 2023ല്‍ റിപോര്‍ട്ട് ചെയ്ത 1,513ല്‍ 1,000 മരണങ്ങളും തൊഴിലാളികളുടേതായിരുന്നുവെന്നും കോണ്‍സുലേറ്റ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.