സ്വന്തം ലേഖകൻ: എമിറേറ്റ്സ് എയര്‍ലൈന്‍സ് വഴി ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അനുവദിച്ച 14 ദിവസത്തെ പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വീസ ആവശ്യമെങ്കില്‍ ഒരു തവണ കൂടി നീട്ടാം. ഈ മാസം ഒന്നു മുതലാണ് (ഫെബ്രുവരി 1 ബുധനാഴ്ച) യുഎസ്, യുകെ, അല്ലെങ്കില്‍ ഇയു റെസിഡന്‍സി വീസയുള്ള ഇന്ത്യക്കാര്‍ക്ക് ദുബായില്‍ മുന്‍കൂര്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള എല്ലാവര്‍ക്കും യുഎഇ അനുവദിക്കുന്ന ഓണ്‍ അറൈവല്‍ വീസ ആവശ്യമെങ്കില്‍ പുതുക്കാന്‍ അവസരം നല്‍കുന്നതു പോലെ പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വീസയും പുതുക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാരും സാധുവായ ആറ് മാസത്തെ യുഎസ്, യുകെ, അല്ലെങ്കില്‍ ഇയു റെസിഡന്‍സി വീസയുള്ളവര്‍ക്കുമാണ് പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വീസ നല്‍കുന്നത്.
14 ദിവസത്തെ സിംഗിള്‍ എന്‍ട്രി ഓണ്‍ അറൈവല്‍ വീസ ദുബായ് വീസ പ്രോസസിങ് സെന്റര്‍ (ഡിവിപിസി)- വിഎഫ്എസ് ഗ്ലോബല്‍ 250 ദിര്‍ഹം ഫീസ് ഈടാക്കിയാണ് അനുവദിക്കുക. വീസ 14 ദിവസത്തേക്ക് കൂടി നീട്ടാനും ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഓഫീസില്‍ 250 ദിര്‍ഹം ഫീസായി അടയ്ക്കണം.
നേരത്തെ അപ്രൂവല്‍ ലഭിക്കുന്നതിനാല്‍ ഓണ്‍ അറൈവല്‍ വീസയ്ക്ക് വേണ്ടി ദുബായില്‍ എത്തുമ്പോള്‍ കാത്തിരിക്കേണ്ടിവരില്ല എന്നതാണ് ‘പ്രീ അപ്രൂവ്ഡ്’ ഓണ്‍ അറൈവല്‍ വീസയുടെ സൗകര്യം. 14 ദിവസത്തെ സിംഗ്ള്‍ എന്‍ട്രി വീസയാണിത്. സാധാരണ ഓണ്‍ അറൈവല്‍ വീസ പോലെ തന്നെ ഇതും ഒരു തവണ പുതുക്കിനല്‍കും. പ്രീ അപ്രീവ്ഡ് വീസ അനുവദിക്കുന്നതും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്റെ (ജിഡിആര്‍എഫ്എ) സമ്പൂര്‍ണ വിവേചനാധികാരത്തില്‍ തുടരും.
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങ് പൂര്‍ത്തിയായശേഷം വെബ്‌സൈറ്റിലെ ‘മാനേജ് എന്‍ എക്‌സിസ്റ്റിങ് ബുക്കിങ്’ എന്ന ഭാഗത്തെ യുഎഇ വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. ദുബായില്‍ എത്തുന്നതിന് 60 ദിവസം മുതല്‍ രണ്ട് ദിവസം മുമ്പ് വരെ മുന്‍കൂട്ടി അംഗീകരിച്ച വീസയ്ക്ക് അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല