സ്വന്തം ലേഖകൻ: തിയേറ്ററിൽ വലിയ വിജയമാകാതെപോയ ചിത്രം 20 വർഷങ്ങൾക്കിപ്പുറം ഒട്ടേറെ ആളുകൾ തേടിപ്പിടിച്ചുകാണുന്നു. അതും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗ് കാരണം. 2004-ൽ റിലീസ് ചെയ്ത ‘ജലോത്സവം’ എന്ന ചിത്രത്തിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സംഭവിച്ചതാണ് ഈ മാറ്റം.
റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന വില്ലൻ കഥാപാത്രം ഈ സിനിമയിലുടനീളം പറയുന്ന ‘അടിച്ചു കേറിവാ’ എന്ന ഡയലോഗ് കുറച്ചുദിവസം മുൻപാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകൾ നിറയെ ‘ദുബായ് ജോസ്’ റീലുകളും മീമുകളും നിറഞ്ഞോടുന്നു. ഇത് വാർത്തകളിലും ഇടംനേടി.
ഡയലോഗ് ഹിറ്റായതിന് പിന്നാലെ ഒട്ടേറെപ്പേർ യൂട്യൂബിൽ ജലോത്സവം സിനിമ കണ്ടു. സിനിമയ്ക്കുതാഴെ വന്ന പുതിയ കമന്റുകൾ മുഴുവൻ, ദുബായ് ജോസിനെ കണ്ടുവന്നവരുടേതാണ്. യുവാക്കളാണ് സിനിമ കാണാൻ എത്തിയവരിലേറെയും. ഭൂരിഭാഗം കമന്റുകളും ‘അടിച്ചു കയറിവാ’ എന്നുതന്നെ.
ഇതുവരെ എട്ടരലക്ഷം പേർ കണ്ടു. എന്നാൽ, പല ചെറുപ്പക്കാരും സിനിമ മൊത്തമായി കാണുന്നില്ല. മറിച്ച് റിയാസ് ഖാൻ വരുന്ന സീനുകൾമാത്രം കാണുന്നു. ‘ജലോത്സവം’ സിനിമ തിയേറ്ററിൽ വേണ്ടത്ര വിജയമായില്ലെങ്കിലും അതിലെ ‘കേരനിരകളാടും’ എന്ന മനോഹര ഗാനം ഓരോ മലയാളിയും ഓർമ്മിക്കും. കുട്ടനാടൻഭംഗിയെക്കുറിച്ചുള്ള ഗാനം കേരളത്തിന്റെ കാർഷിക സംസ്കാരം ഓർമ്മിപ്പിക്കുന്നതാണ്.
അൽഫോൻസ് ജോസഫ് സംഗീതം നൽകിയ ഗാനം ആലപിച്ചത് പി.ജയചന്ദ്രൻ. രചന ബീയാർ പ്രസാദിന്റേത്. എം.സിന്ധുരാജ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനംചെയ്ത ചിത്രത്തിൽ നെടുമുടി വേണു, കുഞ്ചാക്കോ ബോബൻ, നവ്യാനായർ, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല