1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2024

സ്വന്തം ലേഖകൻ: സന്ദർശനവീസയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നിറങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ പുറത്തുവിടാതെ വിമാനത്താവളം അധികൃതർ. കഴിഞ്ഞ ചൊവ്വാഴ്ച സന്ദർശനവീസയിൽ ദുബായിലെത്തിയ നൂറോളംപേരെയാണ് തടഞ്ഞുവെച്ചിരിക്കുന്നത്. താമസത്തിനുള്ള ഹോട്ടൽ ബുക്കിങ് രേഖകളോ, സ്പോൺസറുടെ എമിറേറ്റ്‌സ് ഐ.ഡി.യോ ഇല്ലാത്തതിനാലാണിതെന്നാണ് വിവരം.

സന്ദർശനവീസയിൽ ദുബായിൽ ജോലി അന്വേഷിച്ചെത്തിയവരാണ് കുടുങ്ങിയവരിലേറെയും. തടഞ്ഞുവെച്ചിരിക്കുന്നവരിൽ തൊടുപുഴ മുള്ളരിങ്ങാട് സ്വദേശി പട്ടായിക്കൽ അബിൻസ് സലീമും (25) ഉണ്ട്. കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള 10 മലയാളികൾക്കൊപ്പമാണ് ഇദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കുന്നത്. പാസ്പോർട്ടുകളും പിടിച്ചുവെച്ച് വീസയും റദ്ദാക്കി.

മടക്കയാത്രയ്ക്കുള്ള ടിക്കറ്റുമായിവന്നാൽ പാസ്പോർട്ട് നൽകാമെന്നാണ് അധികൃതർ അറിയിച്ചത്. ഇതനുസരിച്ച് ടിക്കറ്റുമായിച്ചെന്ന പലർക്കും പാസ്പോർട്ട് മടക്കിനൽകാൻ അധികൃതർ തയ്യാറായില്ലെന്നും അബിൻസ് പറഞ്ഞു.

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്‌താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തിയവരെയും ഇത്തരത്തിൽ തടഞ്ഞുവെച്ചിരുന്നു. എന്നാൽ അവരെയെല്ലാം അതത് എംബസി അധികൃതരെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്ത്യക്കാർ മാത്രമാണ് ഇപ്പോഴും കുടുങ്ങിയിരിക്കുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടിട്ടില്ലെന്നും അബിൻ പറഞ്ഞു.

തടഞ്ഞുവെച്ചവരുടെ ലഗ്ഗേജുകളും തിരിച്ചുനൽകിയിട്ടില്ല. ചെന്നിറങ്ങിയപ്പോൾ ധരിച്ച വസ്ത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ല. ദിവസങ്ങളായി ശീതീകരിച്ച മുറിയിലിരുന്ന് ആരോഗ്യപ്രശ്നങ്ങളും തുടങ്ങിയിട്ടുണ്ട്.

വിമാനത്താവളത്തിൽനിന്നും വീടുകളിലേക്ക് വാട്‌സാപ്പിലടക്കം വിളിക്കുന്നതിനും നിയന്ത്രണമുണ്ട്. മൊബൈലുകൾ ചാർജ് ചെയ്യാനും പരിമിതമായ സൗകര്യമേയുള്ളു. വിവരങ്ങൾ അന്വേഷിക്കാൻ ചെല്ലുമ്പോൾ സുരക്ഷാജീവനക്കാരെ ഉപയോഗിച്ച് മാറ്റുകയാണെന്നും അബിൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.