1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം പതിനാറാം തീയതിയുണ്ടായ കൊടുങ്കാറ്റിലും കനത്ത മഴയിലുമുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകള്‍ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഓണ്‍പാസീവ്, ഇക്വിറ്റി, മശ്രിഖ് സ്റ്റേഷനുകളാണ് മെയ് 19-ന് വീണ്ടും തുറക്കുക. പ്രഖ്യാപിച്ചതിലും നേരത്തെയാണ് മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

മഴയെ തുടര്‍ന്ന് അടച്ചിട്ട മറ്റൊരു മെട്രോ സ്‌റ്റേഷനായ എനര്‍ജി മെട്രോ സ്റ്റേഷന്‍ വഴി അടുത്തയാഴ്ച ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം എല്ലാ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുകയും സ്റ്റേഷനുകളുടെ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് മൂന്ന് സ്റ്റേഷനുകളിലും സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഏപ്രില്‍ പകുതിയോടെ എമിറേറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് ഈ നാല് മെട്രോ സ്റ്റേഷനുകളും അടച്ചിരുന്നു. മെയ് 28നകം ഈ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുമെന്നാണ് ആര്‍ടിഎ നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിനു മുമ്പ് തന്നെ മൂന്ന് സ്റ്റേഷനുകള്‍ സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞതായും ആര്‍ടിഎ അറിയിച്ചു. യുഎഇയുടെ ചരിത്രത്തില്‍ കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയായിരുന്നു ഏപ്രില്‍ 16 ന് പെയ്തത്.

മഴയോടൊപ്പമെത്തിയ ശക്തമായ കൊടുങ്കാറ്റില്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അവ അടച്ചിടുകയായിരുന്നു. ശക്തമായ മഴയില്‍ ട്രാക്കില്‍ വെളളം കയറിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസ് അന്നേദിവസം ഭാഗകമായി സര്‍വീസ് നിര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിച്ചു.

ഓണ്‍പാസീവ്, ഇക്വിറ്റി, മശ്രിഖ്, എനര്‍ജി മെട്രോ സ്റ്റേഷനുകള്‍ മികച്ച രീതിയിലും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കാന്‍ സര്‍വ സജ്ജമാണെന്നും ആര്‍ടിഎ അറിയിച്ചു. എല്ലാ മെട്രോ സ്റ്റേഷനുകളുടെയും പ്ലാറ്റ്ഫോം വാതിലുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, മറ്റ് സേവന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കു ശേഷമുള്ള കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി നിരവധി തവണ പരിശോധനകള്‍ നടത്തിയതായും ആര്‍ടിഎ വ്യക്തമാക്കി.

റെയില്‍ ട്രാക്കുകളുടെ ശക്തി, സ്റ്റേഷനുകള്‍ക്കിടയിലെ മെട്രോ യാത്രാ സമയത്തിന്റെ കൃത്യത തുടങ്ങിയ ഉറപ്പാക്കുന്നതിനുള്ള സര്‍വീസ് ഫ്രീക്വന്‍സി ട്രയലുകളും ഇതിനകം നടത്തിയതായും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.