സ്വന്തം ലേഖകൻ: നോല്‍കാർഡിന് പകരം കൈപ്പത്തികാണിച്ചാല്‍ മെട്രോ യാത്ര സാധ്യമാകുന്ന സംവിധാനം, ‘പേ ബൈ പാം’ 2026 ല്‍ പ്രാബല്യത്തിലാകും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈടെക്സ് ഗ്ലോബല്‍ ടെക്നോളജി പ്രദർശനത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി ‘പേ ബൈ പാം’ സംവിധാനം അവതരിപ്പിച്ചത്. മെട്രോ യാത്രയ്ക്കായി എത്തുന്നവർക്ക് സ്മാർട് ഗേറ്റില്‍ നോല്‍ കാർഡ് പതിപ്പിക്കുന്ന അതേ സൗകര്യത്തില്‍ കൈപ്പത്തി പതിപ്പിക്കാം. യാത്ര അവസാനിച്ചാല്‍ സ്മാർട് ഗേറ്റില്‍ കൈപ്പത്തി പതിപ്പിച്ച് തിരിച്ചിറങ്ങുകയും ചെയ്യാം. യാത്രയ്ക്ക് ചെലവായ തുക നോല്‍കാർഡില്‍ നിന്ന് ഈടാക്കും.
കൈപ്പത്തി എങ്ങനെ നോല്‍കാർഡുമായി ബന്ധിപ്പിക്കാം എന്നടക്കമുളള കാര്യങ്ങളും ജൈടെക്സിലെ ആർടിഎ സ്റ്റാളില്‍ അധികൃതർ വിശദീകരിക്കുന്നുണ്ട്. നോല്‍ ടിക്കറ്റ് മെഷീനിലൂടെയാണ് നോല്‍ കാർഡും കൈപ്പത്തിയും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്. ആദ്യം നോല്‍ സ്കാന്‍ ചെയ്യണം. അതിന് ശേഷം നിശ്ചിത സ്ഥലത്ത് കൈപ്പത്തിയും സ്കാന്‍ ചെയ്യാം. സ്ക്രീനില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് കൈപ്പത്തി നോല്‍ കാർഡുമായി ബന്ധിപ്പിക്കാനുളള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാം.
നിലവില്‍ പദ്ധതിയുടെ പൂർണതയ്ക്കായുളള തയാറെടുപ്പിലാണ് ആർടിഎ. മെട്രോയില്‍ മാത്രമല്ല, നോല്‍കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുന്ന ദുബായിലെ ബസുള്‍പ്പടെയുളള പൊതുഗതാഗത സംവധാനങ്ങളിലും നോല്‍ കാർഡ് സ്വീകരിക്കുന്ന ഷോപ്പിങ് കേന്ദ്രങ്ങളിലും ഈ രീതി നടപ്പിലാക്കും. ഐസിപിയുടേയും യുഎഇ സെൻട്രൽ ബാങ്കിന്റെയും സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
നോല്‍കാർഡുകള്‍ മാത്രമല്ല, പണമിടപാട് കാർഡുകള്‍ക്ക് പകരമായും കൈപ്പത്തി ഉപയോഗിക്കാന്‍ കഴിയുന്ന കാലം വിദൂരമല്ല. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും ഇടപാടുകള്‍ നടത്താനും കൈപ്പത്തി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം വൈകാതെ നടപ്പിലാകും. ജൈടെക്സിലെ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോർട്ട് സെക്യൂരിറ്റിയുടെ ഹാളില്‍ ഇതുമായി ബന്ധപ്പെട്ട പ്രദർശനം ഒരുക്കിയിട്ടുണ്ട്. യുഎഇ വിഷന്‍ 2031 ന്റെ ഭാഗമായാണ് പാം ഐഡിയും നടപ്പിലാക്കുന്നത്.
സാധനങ്ങള്‍ വാങ്ങിയ ശേഷം കാർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയില്‍ അധികം വൈകാതെ നടപ്പിലാകും. ബയോമെട്രിക് സംവിധാനം ഉപയോഗിപ്പെടുത്തി കൈപ്പത്തി തിരിച്ചറിഞ്ഞ് സമ്പർക്കരഹിത പണമിടപാടുകള്‍ സാധ്യമാക്കുകയെന്നുളളതാണ് ‘പാം പേ’ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ കൈപ്പത്തി വായിച്ച് പേയ്മെന്റ് മെഷീനുകൾ ഇടപാടുകൾ ആധികാരികമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പേയ്മെന്റ് മെഷീനുകള്‍ പ്രാദേശിക വിപണികളില്‍ സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല