![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-11-182103-630x472.png)
സ്വന്തം ലേഖകൻ: പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ റെയിൽ ബസ് എന്ന പുത്തൻ ഗതാഗത സംവിധാനം അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). മദിനത്ത് ജുമൈരയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ബസിന്റെ മാതൃക അവതരിപ്പിച്ചത്. റെയിൽവേ ലൈനുകളിൽ യാത്രക്കാരെ വഹിക്കാൻ ഉദ്ദേശിച്ചുള്ള ഭാരം കുറഞ്ഞ റെയിൽ കാറാണ് റെയിൽ ബസ്. ബസിന് 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവുമുണ്ടാകും.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകുന്ന ബസിൽ ഒരേസമയം 40 പേർക്ക് യാത്ര ചെയ്യാനാകും. സോളാർ പാനലുകൾ ഘടിപ്പിച്ച റെയിൽവേ ട്രാക്കുകളിലൂടെയാണ് ഇത് സഞ്ചരിക്കുക. ഡ്രൈവറില്ലാതെയാണ് ഇവ പ്രവർത്തിക്കുക. മറ്റു ഗതാഗത സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവും കുറവാണ്.
നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സൗകര്യങ്ങളുമുണ്ട്. സ്റ്റോപ്പുകൾ, കാലാവസ്ഥ, സമയം എന്നിവയുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ നൽകാൻ സീറ്റുകൾക്ക് മുകളിലായി സ്ക്രീനുകളുമുണ്ട്. തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിന് മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി ബസിനെ സംയോജിപ്പിക്കും.
നഗരപ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ആർ.ടി.എ.യുടെ ശ്രമങ്ങളുടെ ഭാഗമാണിത്. റെയിൽ ബസുകൾ വികസിപ്പിക്കാനായി കഴിഞ്ഞവർഷത്തെ ദുബായ് ഇന്റർനാഷണൽ പ്രൊജക്റ്റ് മാനേജ്മന്റ് ഫോറത്തിലാണ് അമേരിക്ക, യു.കെ. എന്നിവിടങ്ങളിലെ രണ്ട് സ്ഥാപനങ്ങളുമായി ആർ.ടി.എ. ധാരണാപത്രങ്ങൾ ഒപ്പിട്ടത്.
പൊതുഗതാഗത രംഗത്തെ നൂതന സമ്പ്രദായങ്ങൾ ദുബായിയിൽ യാഥാർഥ്യമാക്കുന്നതിന് പ്രമുഖ സ്ഥാപനങ്ങളുമായുള്ള അതോറിറ്റിയുടെ സഹകരണമാണ് ഇതിൽ വ്യക്തമാകുന്നതെന്ന് ആർ.ടി.എ.യിലെ റെയിൽ ഏജൻസി സി.ഇ.ഒ. അബ്ദുൽ മൊഹ്സെൻ കൽബത്ത് പറഞ്ഞു.
ആർ.ടി.എ.യുമായുള്ള സഹകരണത്തിലൂടെ എമിറേറ്റിന് അനുയോജ്യമായ രീതിയിൽ സുസ്ഥിര മൊബിലിറ്റിയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതായി റെയിൽ ബസ് സി.ഇ.ഒ. ഹാത്തിം ഇബ്രാഹിം പറഞ്ഞു. ആധുനികവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതികവിദ്യകളിലൂടെ നഗരഗതാഗതം മെച്ചപ്പെടുത്താനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച നഗരമാകാനുള്ള ദുബായിയുടെ അഭിലാഷങ്ങൾക്ക് അനുസൃതമായാണ് പുതിയ പദ്ധതി. യു.എ.ഇ. നെറ്റ് സീറോ സ്ട്രാറ്റജി, സീറോ-എമിഷൻസ് പബ്ലിക് ട്രാൻസ്പോർട്ട് സ്ട്രാറ്റജി 2050, ദുബായ് സെൽഫ്-ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി 2030 എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും പുതിയ ബസ് പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല