സ്വന്തം ലേഖകൻ: രാവിലെയും വൈകീട്ടും ഓഫീസ് സമയത്തിനു മുമ്പും ശേഷവുമുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ എമിറേറ്റിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താനും വര്‍ക്ക് ഫ്രം ഹോം രീതി വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എമിറേറ്റിലുടനീളം ഫ്‌ളെക്‌സിബിള്‍ ജോലി സമയവും വിദൂര തൊഴില്‍ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളാണ് ദുബായ് നടപ്പിലാക്കുന്നത്. എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുമേഖലാ- സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ഈ രീതികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടു മണിക്കൂർ ഇടവേളയിൽ സമയം തുടങ്ങുന്നത് ക്രമീകരിക്കുകയും റിമോട്ട് വര്‍ക്ക് രീതിയിലേക്ക് ഭാഗികമായി ഓഫീസ് സമയം മാറ്റുകയും ചെയ്യുന്നതിലൂടെ ദുബായിലുടനീളമുള്ള പ്രഭാത യാത്രാ സമയം 30 ശതമാനം കുറയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 20 ശതമാനം ജീവനക്കാര്‍ വിദൂരമായി ജോലി ചെയ്യുകയാണെങ്കില്‍, ശെയ്ഖ് സായിദ് റോഡിലെ ഗതാഗതം 9.8 ശതമാനവും അല്‍ ഖൈല്‍ റോഡില്‍ 8.4 ശതമാനവും കുറയും.
കൂടാതെ, ഫ്‌ളെക്‌സിബിള്‍ ജോലി സമയം കൊണ്ട് മാത്രം ശെയ്ഖ് സായിദ് റോഡില്‍ 5.7 ശതമാനവും അല്‍ ഖൈല്‍ റോഡില്‍ 5 ശതമാനവും ട്രാഫിക് നിരക്ക് കുറയ്ക്കാനാകുമെന്ന് അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബായ് ഭരണകൂടം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ദുബായ് ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സ് (ഡിജിഎച്ച്ആര്‍) വകുപ്പും ചേര്‍ന്ന് നടത്തിയ രണ്ട് സര്‍വേകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ സര്‍വേ 320,000 ജീവനക്കാരുള്ള 644 കമ്പനികളെ ഉള്‍പ്പെടുത്തിയും രണ്ടാമത്തേത് സ്വകാര്യ മേഖലയില്‍ നിന്നുള്ള 12,000 ജീവനക്കാരെ ഉള്‍പ്പെടുത്തിയുമാണ് നടത്തിയത്. 32 ശതമാനം സ്വകാര്യ കമ്പനികളും നിലവില്‍ റിമോട്ട് വര്‍ക്ക് പോളിസികള്‍ നടപ്പിലാക്കുന്നതായി സർവേയിൽ കണ്ടെത്തി. 58 ശതമാനം പേര്‍ അവ സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും അധികൃതർ അറിയിച്ചു.
കൂടാതെ, 31 ശതമാനം കമ്പനികളും ഫ്‌ളെക്‌സിബിള്‍ ജോലി സമയം നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ ഓഫീസ് പ്രവൃത്തി സമയത്തിൽ മാറ്റം വരുത്താത്ത 66 ശതമാനം സ്ഥാപനങ്ങളും അതിന് സന്നദ്ധമാണെന്നും സർവേയിൽ വ്യക്തമായി.
ദുബായ് കിരീടാവകാശി ശ്രയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്രാഫിക് ഫ്‌ളോ പ്ലാനിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് മെയ് മാസത്തില്‍ സര്‍വേകള്‍ പ്രഖ്യാപിച്ചത്. കൊവിഡ് -19 കാലത്ത് ജീവനക്കാര്‍ക്ക് വിദൂര ജോലികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് ദുബായിലെ ഓഫീസുകള്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചെടുത്തിരുന്നു. ഏപ്രിലിലെ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം സ്വകാര്യ, സര്‍ക്കാര്‍ മേഖലാ ഓഫീസുകള്‍ ഓണ്‍ലൈനായി പ്രവർത്തിച്ചിരുന്നു.
ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റിമോട്ട് വര്‍ക്ക് സിസ്റ്റം കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്‍റെ പ്രധാന ഭാഗമായി മാറിയെന്ന് ഡിജിഎച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല