1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2024

സ്വന്തം ലേഖകൻ: യുഎഇയിലും മറ്റു ചില ഗള്‍ഫ് നാടുകളിലും താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സ്വിഗ്ഗി വഴി ഭക്ഷണവും സമ്മാനങ്ങളും ഓര്‍ഡര്‍ ചെയ്തും റസ്റ്റോറന്റ് ടേബിളുകള്‍ ബുക്ക് ചെയ്തും അവര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ അവസരം. യുഎഇ നിവാസികള്‍ക്ക് സ്വിഗ്ഗി ആപ്പില്‍ ലോഗിന്‍ ചെയ്ത് ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡെലിവറി ചെയ്യുന്നതിനായി ഓര്‍ഡര്‍ നല്‍കാമെന്ന് സ്വിഗ്ഗി ഫുഡ് മാര്‍ക്കറ്റ് പ്ലെയ്‌സ് സിഇഒ രോഹിത് കപൂര്‍ അറിയിച്ചു.

‘ഇന്ത്യയിലുടനീളമുള്ള 700 നഗരങ്ങളിലേക്ക് ഞങ്ങള്‍ ഡെലിവറി ചെയ്യുന്നു. യുഎഇയില്‍ നിന്നുള്ള ആളുകള്‍ക്ക് ഡെലിവറിക്ക് ഓര്‍ഡര്‍ നല്‍കാം,’- ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ (ഡിഐഎഫ്സി) 60 പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ പങ്കെടുത്ത യുഎഇ – ഇന്ത്യ ഫൗണ്ടേഴ്സ് റിട്രീറ്റിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെ കപൂര്‍ പറഞ്ഞു.

ഈ സേവനം ഇപ്പോള്‍ ഒരു മാസമായി പ്രവര്‍ത്തനക്ഷമമാണെന്നും കപൂര്‍ വെളിപ്പെടുത്തി. യുഎഇയെ കൂടാതെ, സൗദി അറേബ്യ, കുവൈത്ത്‌, ഖത്തര്‍, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കും ആപ്പ് വഴി ഓര്‍ഡറുകള്‍ നല്‍കാന്‍ സ്വിഗ്ഗിയുടെ പുതിയ അന്താരാഷ്ട്ര ലോഗിന്‍ ഫീച്ചര്‍ അനുവദിക്കുന്നു. താമസക്കാര്‍ക്ക് സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റ മാര്‍ട്ടില്‍ ഷോപ്പിങ് നടത്താനും സ്വിഗ്ഗി ഡൈനൗട്ട് വഴി റസ്റ്റോറന്റ് ടേബിളുകള്‍ ബുക്ക് ചെയ്യാനും കഴിയും.

സ്വിഗ്ഗിയുടെ സമീപകാല ഓഫര്‍ യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ 3.9 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യും, ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ടവരെയും പ്രായമായ മാതാപിതാക്കളെയും ഭക്ഷണമോ സമ്മാനങ്ങളോ പലചരക്ക് സാധനങ്ങളോ നല്‍കി അവര്‍ക്ക് സര്‍പ്രൈസ് നല്‍കാം. ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഡെലിവറി ചെയ്യുന്നതിന് അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓര്‍ഡര്‍ നല്‍കാനും പണമടയ്ക്കാനും അവര്‍ക്ക് അവരുടെ പ്രാദേശിക നമ്പറുകള്‍ ഇവിടെ ഉപയോഗിക്കാം. ഇതാണ് ഈ സേവനത്തിന്റെ പ്രധാന ഉപയോഗമെന്ന് സിഇഒ പറഞ്ഞു.

താമസക്കാര്‍ക്ക് ഔദ്യോഗിക ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും അവരുടെ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും അധിക നിരക്കുകളൊന്നും നല്‍കാതെ ഓര്‍ഡറുകള്‍ നല്‍കാനും കഴിയും. ഒരു പേയ്മെന്റ് ഓപ്ഷനായി ലഭ്യമായ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പേയ്മെന്റുകള്‍ നടത്താം.

സ്വിഗ്ഗിയുടെ സേവനങ്ങള്‍ ദുബായിലേക്കും യുഎഇയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിഇഒയുടെ മറുപടി. ‘ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞങ്ങള്‍ ഇപ്പോഴും ഇന്ത്യയെ കണ്ടുപിടിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.