സ്വന്തം ലേഖകൻ: യുഎഇയിലെ ദുബായ് നഗരത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് 2024 ജനുവരി 1 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പുനരുപയോഗിക്കാവുന്ന ഉല്‍പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രമേയം പുറപ്പെടുവിച്ചത്.
ദുബായ് എമിറേറ്റിലെ മുഴുവന്‍ വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഡെവലപ്മെന്റ് സോണുകളും ഫ്രീ സോണുകളും ഇതില്‍ ഉള്‍പ്പെടും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും പുനരുപയോഗവും നിയന്ത്രിക്കുന്നതിനാണ് ഷെയ്ഖ് ഹംദാന്റെ പ്രമേയം ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വ്യാപാരവും ഘട്ടംഘട്ടമായി നിരോധിക്കുന്നതാണ് പ്രമേയം. പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഇതര ഇനങ്ങളും ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍, റീസൈക്കിള്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് അവയുടെ മെറ്റീരിയല്‍ ഘടന പരിഗണിക്കാതെ തന്നെ ഘട്ടംഘട്ടമായി നിരോധിക്കും.
ഭക്ഷണ വിതരണ പാക്കേജിങ് സാമഗ്രികള്‍, പഴം-പച്ചക്കറി പൊതിയല്‍, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്നതു പോലെ ഭാഗികമായോ പൂര്‍ണമായോ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പാക്കേജിങ്് സാമഗ്രികള്‍, ലഘുഭക്ഷണ ബാഗുകള്‍, വെറ്റ് വൈപ്പുകള്‍, ബലൂണുകള്‍, ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിര്‍ഹം വരെയാകാം. പിഴ ചുമത്തപ്പെട്ടവര്‍ക്ക് പത്ത് ദിവസത്തിനകം അധികൃതര്‍ക്ക് രേഖാമൂലം അപ്പീല്‍ നല്‍കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല