സ്വന്തം ലേഖകന്‍: ദുബായ് പോലീസിന് ചെത്തി നടക്കാന്‍ ബുഗാട്ടി, ഒപ്പം ലോക റെക്കോര്‍ഡും. ലോകത്തിലെ ഏറ്റവും വേഗതയേറിയ പോലീസ് പട്രോളിംഗ് വാഹനത്തിനുള്ള ഗിന്നസ് റിക്കാര്‍ഡാണ് ദുബായ് പോലീസ് സ്വന്തമാക്കിയത്. ആഢംബര സ്‌പോര്‍ട്‌സ് വാഹനമായ ബുഗാട്ടി വെയ്‌റോണാണ് ദുബായ് പോലീസ് പട്രോളിംഗിന് ഉപയോഗിക്കുന്നത്. 1000 കുതിരശക്തിയുള്ള വാഹനത്തിന് മണിക്കൂറില്‍ 407 കീലോമീറ്റര്‍ വേഗത്തില്‍വരെ കുതിക്കാനാകും.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് പോലീസ് ബുഗാട്ടി വെയ്‌റോണ്‍ പോലീസ് സേനയുടെ ഭാഗമാക്കിയത്. പട്രോളിംഗിനായി ലംബോര്‍ഗിനി, ഫെരാരി എഫ്എഫ്, മെഴ്‌സിഡസ് എസ്എല്‍സ്, നിസാന്‍ ജിടിആര്‍, റൗഷ് മസ്താംഗ്, ബെന്റ്‌ലി കോണ്ടിനന്റല്‍, ഔഡി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ആഢംബര കാറുകളുടെ വന്‍നിരയും ദുബായ് പോലീസിനുണ്ട്.
പതിനൊന്നാമത് ലോക പോലീസ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ മേജര്‍ ജനറല്‍ അബ്ദുള്‍ ക്വാദോഷ് അബ്ദുള്‍ റാഷിദ് അല്‍ ഒബെയ്ദലി, പരിശോധന വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അമേരിക്കന്‍ പോലീസിന്റെ പേരിലായിരുന്നു നിലവിലുള്ള റിക്കാര്‍ഡ്. അമേരിക്കന്‍ പോലീസ് ഉപയോഗിക്കുന്ന ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാറിന് മണിക്കൂറില്‍ 360 കിലോമീറ്ററാണ് വേഗത. ഈ റിക്കാര്‍ഡാണ് ഇപ്പോള്‍ ദുബായ് പോലീസ് സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല