
സ്വന്തം ലേഖകൻ: ചെറിയ രീതിയിലുള്ള അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളുടെ റിപ്പയറിംഗ് സൗജന്യമായി ചെയ്യാന്‍ അവസരമൊരുക്കി ദുബായ് പോലിസിന്റെ പദ്ധതി. ഓണ്‍ ദി ഗോ എന്നാണ് പദ്ധതിയുടെ പേര്. ദുബായില്‍ ചെറിയ രീതിയിലുള്ള അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ ഒരു ഇന്ധന സ്റ്റേഷനില്‍ നിന്ന് ആക്‌സിഡന്റ് റിപ്പോര്‍ട്ട് ലഭ്യമാക്കിയതിന് ശേഷമാണ് റിപ്പയിറിംഗിനായി എത്തിക്കേണ്ടത്.
അപകടം വരുത്തിവച്ച വാഹനം നിര്‍ത്താതെ പോവുകയോ അവര്‍ ആരാണെന്ന് മനസ്സിലാവാതിരിക്കുകയോ ചെയ്യുന്ന കേസുകളിലാണ് ‘ഓണ്‍ ദി ഗോ’ എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തില്‍ സഹായം ലഭിക്കുക. ഇനോക് സ്റ്റേഷനുകളിലെ കാര്‍ റിപ്പയര്‍ ഷോപ്പായ ഓട്ടോപ്രോയുമായി ചേര്‍ന്നാണ് എമിറേറ്റിലെ താമസക്കാര്‍ക്കായി ദുബായ് പോലിസ് ഇത്തരമൊരു പുതിയ എക്സ്പ്രസ് സേവനം ലഭ്യമാക്കുന്നത്.
ഇനോക് സ്റ്റേഷനുകളില്‍ നിന്ന് ചെറിയ വാഹനാപകട റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ദുബായ് അധികൃതര്‍ നേരത്തേ ആരംഭിച്ചിരുന്നുവെങ്കിലും വാഹനം റിപ്പയര്‍ ചെയ്തു കൊടുക്കുന്ന ഈ സംരംഭം പുതുതായി ആരംഭിച്ചതാണ്. പേപ്പര്‍ വര്‍ക്ക് ചെയ്തതിന് ശേഷം ഉടന്‍ തന്നെ അവരുടെ കാറുകള്‍ നന്നാക്കാന്‍ ഡ്രൈവര്‍മാരെ അനുവദിക്കുന്നതാണ് പുതിയ സംവിധാനം.
ഇനോക് സ്റ്റേഷനില്‍ നിന്ന് അപകട റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ഓട്ടോപ്രോ ഷോപ്പിലേക്ക് വാഹനവുമായി പോവുകയാണ് ആ സേവനത്തിനായി ചെയ്യേണ്ടത്. നിങ്ങളുടെ കേടായ വാഹനം അവിടെ നിന്ന് അംഗീകൃത വര്‍ക്ക് ഷോപ്പിലേക്ക് മാറ്റും. വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം വാഹനം ഡ്രൈവറുടെ വീട്ടില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുക. മുതിര്‍ന്നവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങി ഏതാനും വിഭാഗങ്ങള്‍ക്ക് ഈ അറ്റകുറ്റപ്പണി സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഓണ്‍ ദി ഗോയുടെ പ്രധാന സവിശേഷത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല