സ്വന്തം ലേഖകൻ: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. വാർഷിക പരിശോധനയിൽ അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വർധന. അതേസമയം, റേറ്റിങ് കുറഞ്ഞ സ്‌കൂളുകൾക്ക് ഫീസ് വർദ്ധനവിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.
ദുബായിലെ എജ്യുക്കേഷൻ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) 2.6 ശതമാനം വിദ്യാഭ്യാസ ചെലവ് സൂചിക (ഇസിഐ) പ്രഖ്യാപിച്ചതോടെയാണ് 2024-25 അധ്യയന വർഷത്തേയ്ക്ക് സ്‌കൂളുകൾക്ക് ഫീസ് ക്രമീകരിക്കാൻ കഴിയുന്നത്.
ഫീസ് നിരക്ക് ഓരോ സ്ഥാപനത്തിൻ്റെയും സമീപകാല പരിശോധനാറേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌കൂളുകൾ നടത്തുന്ന ഏതൊരു ഫീസ് ക്രമീകരണവും കെഎച് ഡിഎ അംഗീകരിക്കേണ്ടതുമാണ്. ‘ദുർബല’ത്തിൽ നിന്ന് അക്സപ്റ്റബിൾ (‘സ്വീകാര്യമായത്’) മുതൽ ‘നല്ലത്’ എന്നതിലേയ്ക്ക് റേറ്റിങ് മെച്ചപ്പെടുത്തുന്ന സ്കൂളുകൾക്ക് അവരുടെ ഫീസ് 2.6 ശതമാനം ഇസിഐയുടെ ഇരട്ടി വരെ വർദ്ധിപ്പിക്കാം. അതായത് 5.2 ശതമാനം. ഗൂഡ്( ‘മികച്ചത്’) എന്നതിൽ നിന്ന് വെരി ഗുഡ് (‘വളരെ മികച്ചത്’) എന്നതിലേക്ക് മാറുന്ന സ്കൂളുകൾക്ക് ഇസിഐയുടെ 1.75 മടങ്ങ് വരെ വർധനവ് സാധ്യമാകും.
അതായത് 4.55 ശതമാനം വരെ വർധന. ‘വളരെ മികച്ചത്’ എന്നതിൽ നിന്ന് ‘ ഔട് സ്റ്റാൻഡിങ് ‘ എന്നതിലേക്ക് റേറ്റിങ് മെച്ചപ്പെടുത്തുന്ന സ്കൂളുകൾക്ക് അവരുടെ ഫീസ് ഇസിഐയുടെ 1.5 മടങ്ങ് വരെ വർധിപ്പിക്കാൻ അർഹതയുണ്ട്, അതായത് 3.9 ശതമാനം. ഒരേ ഇൻസ്പെക് ഷൻ റേറ്റിങ് നിലനിർത്തുന്ന സ്കൂളുകൾക്ക് അവരുടെ ഫീസ് 2.6 ശതമാനം വരെ വർധിപ്പിക്കാനും അനുവദിക്കും. പുതിയ തീരുമാനം ദുബായിലെ സാധാരണക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തികഭാരമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല