സ്വന്തം ലേഖകൻ: 2024- 25 അധ്യയന വര്‍ഷത്തില്‍ ദുബായിലെ സ്വകാര്യ സ്കൂളുകളില്‍ മൂല്യനിര്‍ണയത്തിനായുള്ള പരിശോധനകള്‍ നടത്തില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യുടെ കീഴിലുള്ള ദുബായ് സ്കൂള്‍ ഇന്സ്പെക്ഷന് ബ്യൂറോ അറിയിച്ചു. അതേസമയം, മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പുതിയ സ്കൂളുകളില്‍ മാത്രം ഇക്കൊല്ലം പരിശോധന നടത്തും.
അധികൃതര്‍ പരിശോധന നടത്തുന്നില്ലെങ്കിലും അധ്യയന വര്‍ഷം മുഴുവനും സ്കൂളുകള്‍ സ്വയം മൂല്യനിര്‍ണ്ണയ ഫോമും ഓണ്‍ലൈന്‍ സ്കൂള്‍ പ്രൊഫൈലും പതിവായി അപ്ഡേറ്റ് ചെയ്യണമെന്നും കെഎച്ച്ഡിഎ അറിയിച്ചു. എന്നാല്‍ പരിശോധന ആവശ്യമുള്ള സ്കൂളുകള്‍ക്ക് ഈ ആവശ്യം ചൂണ്ടിക്കാട്ടി ദുബായ് സ്കൂള്‍ ഇന്സ്പെക്ഷന് ബ്യൂറോയ്ക്ക് അപേക്ഷ നല്‍കാം. അത്തരം അഭ്യര്‍ത്ഥനകള്‍ 2024 ജൂലൈ 5-നകം സമര്‍പ്പിക്കണം. അഭ്യര്‍ത്ഥനകള്‍ അംഗീകരിക്കപ്പെട്ടവരെ 2024-25 അധ്യയന വര്‍ഷത്തിലെ ടേം 2-ല്‍ പരിശോധന നടത്തുന്ന കാര്യം അറിയിക്കും.
സ്കൂള്‍ പരിശോധനകള്‍ താത്കാലികമായി നിര്‍ത്തുന്നത് സ്കൂളുകളുടെ ഭരണപരമായ ഭാരം കുറയ്ക്കാനും അക്കാദമിക മികവിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും അവസരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അധികൃതര്‍ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ നല്കുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ അടുത്ത വര്‍ഷത്തെ ഫീസ് നിര്‍ണയിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം പരിശോധന ഇല്ലാത്ത സ്ഥിതിക്ക് അടുത്ത വര്‍ഷത്തെ ഫീസ് നിര്‍ണയം എങ്ങനെയായിരിക്കുമെന്ന കാര്യം അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍, ആദ്യമായി പരിശോധിച്ച 10 സ്കൂളുകള്‍ ഉള്‍പ്പെടെ 209 സ്വകാര്യ സ്കൂളുകളില്‍ ദുബായിലെ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 19,782 ക്ലാസ് റൂം സന്ദര്‍ശനങ്ങള്‍ നടത്തി. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്കൂള്‍ ലീഡര്‍മാര്‍ എന്നിവരുമായി 4,407 മണിക്കൂര്‍ സംവാദത്തില്‍ ഏര്‍പ്പെട്ടു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ മൊത്തം 23 സ്കൂളുകള്‍ ‘മികച്ചത്’, 48 എണ്ണം ‘വളരെ നല്ലത്’, 85 ‘നല്ലത്’, 51 ‘സ്വീകാര്യം’, രണ്ടെണ്ണം ‘ദുര്‍ബലം’ എന്നിങ്ങനെ റേറ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല