സ്വന്തം ലേഖകൻ: ടാക്‌സി ഡ്രൈവര്‍മാര്‍, ആഡംബര വാഹന ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്ന പ്രൊഫഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭിക്കാന്‍ ഇനി 24 മണിക്കൂര്‍ കാത്തിരിക്കേണ്ടതില്ല. അപേക്ഷിച്ച് തല്‍ക്ഷണം പെര്‍മിറ്റ് നേടാന്‍ സൗകര്യമൊരുക്കിയതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
എല്ലാവിധ പെര്‍മിറ്റുകളും ഡിജിറ്റലൈസ് സംവിധാനത്തിലേക്ക് മാറ്റുന്ന ആര്‍ടിഎയുടെ ഡിജിറ്റല്‍ പരിവര്‍ത്തന നയത്തിന്റെ ഭാഗമായാണ് പ്രൊഫഷണല്‍ ഡ്രൈവിങ് പെര്‍മിറ്റും പുതിയ രൂപത്തിലേക്ക് മാറുന്നത്. പീപ്ള്‍ ഹാപ്പിനെസ് എന്ന പേരില്‍ ആര്‍ടിഎ നടപ്പാക്കുന്ന മൂന്നാമത് ഡിജിറ്റല്‍ നവീകരണ പദ്ധതിയുടെ ഭാഗമായും സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അനുസൃതവുമായാണ് സേവനമെന്ന് ആര്‍ടിഎ വിശദീകരിച്ചു.
ടാക്‌സി ഡ്രൈവര്‍മാര്‍, ആഡംബര വാഹന ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഈ സംരംഭം പ്രയോജനപ്പെടുമെന്ന് ആര്‍ടിഎയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയിലെ ഡ്രൈവര്‍ അഫയേഴ്‌സ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ അക്‌റാഫ് പറഞ്ഞു.
സമയവും പരിശ്രമവും ലാഭിക്കുന്ന സേവനങ്ങള്‍ നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കാണ് ആഗ്രഹിക്കുന്നത്. പ്രൊഫഷണല്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാര്‍ക്കും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് അറ്റന്‍ഡന്റുമാര്‍ക്കും പുതിയ ഡിജിറ്റല്‍ പെര്‍മിറ്റുകള്‍ വലിയ സൗകര്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രൈവറെ ജോലിക്ക് നിയോഗിക്കുന്ന അംഗീകൃത കമ്പനി ആര്‍ടിഎ വെബ്‌സൈറ്റ് വഴിയാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. പെര്‍മിറ്റ് ഫീസ് അടയ്ക്കുകയും വേണം. ഡ്രൈവര്‍മാര്‍ മൊബൈല്‍ പോലുള്ള സ്മാര്‍ട്ട് ഉപകരണങ്ങളില്‍ ദുബായ് ഡ്രൈവ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ആപ്പിനുള്ളില്‍ പ്രീരജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും വേണം.
അഫിലിയേറ്റഡ് കമ്പനി ആപ്ലിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഡ്രൈവര്‍ക്ക് ആപ് വഴി (RTA-Dubai Drive app) തല്‍ക്ഷണം ഡിജിറ്റല്‍ പെര്‍മിറ്റ് ലഭിക്കും. അത് എല്ലാത്തരം സ്മാര്‍ട്ട് ഉപകരണങ്ങളിലും പ്രൊഫഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല