1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2025

സ്വന്തം ലേഖകൻ: വാടക വർധനയ്ക്ക് മൂക്കുകയറിട്ട് ദുബായിൽ സ്മാർട്ട് വാടക സൂചിക നിലവിൽ വന്നു. ഓരോ മേഖലയിലെയും കെട്ടിടങ്ങൾക്കു ലഭിക്കുന്ന റേറ്റിങ്ങിന് ആനുപാതികമായിരിക്കും വാടക കൂട്ടാൻ അനുമതി ലഭിക്കുക. പഴയ കെട്ടിടങ്ങൾ കാലോചിതമായി പുതുക്കിപ്പണിതാൽ മാത്രമേ ദുബായിൽ ഇനി വാടക കൂട്ടാനാകൂ.

ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് (ഡിഎൽഡി) ആണ് പുതിയ സ്മാർട്ട് വാടക സൂചിക പുറത്തിറക്കിയത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് സൂചിക തയാറാക്കുക. ഡിഎൽഡിയുടെ മാനദണ്ഡപ്രകാരം ഓരോ പ്രദേശത്തിന്റെയും പ്രാധാന്യവും കെട്ടിടത്തിലെ സൗകര്യവും കണക്കിലെടുത്തായിരിക്കും മൂല്യനിർണയം.

ഇത് കെട്ടിട ഉടമകൾക്കും വാടകക്കാർക്കും നിക്ഷേപകർക്കും ഗുണകരമാകും. സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് അകത്തും പുറത്തുമായി എമിറേറ്റിലെ എല്ലാ കെട്ടിടങ്ങൾക്കെല്ലാം ഇതു ബാധകമാണ്. തുടക്കത്തിൽ താമസ സമുച്ചയങ്ങളെയാണ് തരം തിരിക്കുക. പിന്നീട് വാണിജ്യ കെട്ടിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.

നിലവിലെ വാടകക്കരാർ പുതുക്കുമ്പോഴാണ് പുതിയ നിയമം അനുസരിച്ചുള്ള വാടക പ്രാബല്യത്തിലാവുക. കെട്ടിടത്തിന്റെ മൊത്തം വീസ്തീർണവും ശരാശരി വാടകയും പരിഗണിച്ചാണ് വാടക പുനഃക്രമീകരിക്കുക. നിലവിലെ ക്രമരഹിത വാടകയാണ് പ്രധാന വെല്ലുവിളി. പുതിയ സൂചിക അനുസരിച്ച് ഓരോ പ്രദേശത്തെയും വാടകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. ദുബായ് വാടക വർധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഉടമകൾ, നിക്ഷേപകർ, താമസക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളുടെയും ജീവിത നിലവാരം ഉയർത്താനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ കെട്ടിടത്തിന്റെ നിലവാരം വർഷത്തിൽ ഒരിക്കലാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ മിനിറ്റുകൾക്കകം അപ്ഡേറ്റ് ചെയ്യാൻ സംവിധാനമുണ്ടെന്നും മാജിദ് അൽ മർറി വ്യക്തമാക്കി. ഇതനുസരിച്ച് വാടക തർക്കം 20 ശതമാനത്തിലേറെ കുറയ്ക്കാനാകുമെന്ന് മാജിദ് അൽ മർറി പറഞ്ഞു. കഴിഞ്ഞ വർഷം ദുബായിൽ 9 ലക്ഷം വാടക കരാറുകൾ റജിസ്റ്റർ ചെയ്തു. 2023നെക്കാൾ 8 ശതമാനം കൂടുതലാണിത്. പുതുവർഷത്തിൽ വാടകക്കാരുടെയും നിലവാരമുള്ള കെട്ടിടങ്ങളുടെയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടുന്നത്.

വാടക വർധനയ്ക്ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതിനാൽ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ ഉടമകൾ നിർബന്ധിതരാകുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിലെ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വിഭാഗം സിഇഒ മാജിദ് അൽ മർറി പറഞ്ഞു. വിപണി മൂല്യം, പ്രദേശത്തിന്റെ പ്രാധാന്യം, കെട്ടിടത്തിലെ സൗകര്യം, സുരക്ഷ തുടങ്ങി 60 ഘടകങ്ങൾ പരിശോധിച്ച് കെട്ടിടങ്ങളെ തരംതിരിച്ചാണ് ഒന്നുമുതൽ 5 സ്റ്റാർ റേറ്റിങ് നൽകുക. ഇതനുസരിച്ച് ഓരോ പ്രദേശത്തെയും വാടക താങ്ങാവുന്ന നിരക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാജിദ് സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.