സ്വന്തം ലേഖകന്‍: വാടക കരാര്‍ കാലാവധി കൂട്ടാനൊരുങ്ങി ദുബായ്; നീക്കം പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബായ് സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിര്‍ദേശം ദുബൈ ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാടക നിയമത്തില്‍ കാതലായ പരിഷ്‌കരണങ്ങളാണ് ദുബായ് ലക്ഷ്യമിടുന്നത്.
കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്ന കാര്യം വിവിധ വകുപ്പുകള്‍ വിലയിരുത്തി വരികയാണെന്നും എന്നാല്‍ അന്തിമ തീരുമാനം ആയില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പുതിയ വാടക നിയമം ഉടന്‍ പ്രഖ്യാപിച്ചേക്കും. താമസ കെട്ടിടങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക വിഭാഗങ്ങള്‍ എന്നിവയില്‍ ഏതിലായിരിക്കും നിര്‍ദേശം ഉള്‍പ്പെടുക എന്ന കാര്യത്തിലും വ്യക്തതയില്ല.
പ്രവാസികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ വാടക കരാര്‍ നിയമത്തില്‍ സമൂല മാറ്റം വേണമെന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഫ്രീസോണിനു പുറത്തും വിദേശികള്‍ക്ക് സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുമാറ് വിദേശ ഉടമസ്ഥാവകാശ നിയമത്തില്‍ മാറ്റം വന്നേക്കുമെന്നും സൂചനയുണ്ട്. വിപണിക്ക് കൂടുതല്‍ ഉണര്‍വ് പകരാന്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചകളാണ് വിവിധ തലങ്ങളില്‍ തുടരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല