സ്വന്തം ലേഖകൻ: റിട്ടയർമെന്റ് വീസയുമായി വിദേശികളെ സ്വാഗതം ചെയ്ത് ദുബായ്. 55 വയസ്സ് തികഞ്ഞവർക്കും പങ്കാളിക്കും മക്കൾക്കും വീസ ലഭിക്കും.ദുബായ് ടൂറിസവും എമിഗ്രേഷനും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്.
ദുബായിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ റിട്ടയർമെന്റ് വീസ സംവിധാനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായി എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.
അപേക്ഷിക്കുന്നതിനു മുൻപ് ആരോഗ്യ ഇൻഷുറൻസ് എടുക്കണം.
അപേക്ഷകന് പ്രതിമാസം 20,000 ദിർഹം വരുമാനം, 10 ലക്ഷം ദിർഹത്തിന്റെ നിക്ഷേപം, ദുബായിൽ 20 ലക്ഷം ദിർഹം മൂല്യമുള്ള സ്വത്തുവകകൾ, നിക്ഷേപവും സ്വത്തു വകകളുടെ മൂല്യവും ചേർത്ത് 20 ലക്ഷം ദിർഹം എന്നിവയിലൊന്ന് നിർബന്ധം.
ആദ്യ ഘട്ടത്തിൽ താമസ വീസയുള്ളവരെയാണ് പരിഗണിക്കുക. പിന്നീട് മറ്റു വിദേശികൾക്കും അവസരം നൽകും. അപേക്ഷിക്കാൻ www.retireindubai.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകർക്ക് 5 വർഷ കാലാവധിയുള്ള വീസ ലഭിക്കും. അതു കഴിഞ്ഞാൽ പുതുക്കിയാൽ മതി. റിട്ടയർമെന്റ് വീസക്കാർക്ക് എല്ലാ സൗകര്യവുമൊരുക്കും. നിക്ഷേപം തുടങ്ങാനും വസ്തുവകകൾ വാങ്ങാനും ദുബായ് ഹോൾഡിങ്, മിറാസ്, ഇമാർ, എമിറേറ്റ്സ് എൻബിഡി എന്നിവ സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല