1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2022

സ്വന്തം ലേഖകൻ: ജോലിയില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ പ്രവാസി ജീവനക്കാര്‍ക്ക് വലിയ ആശ്വാസകരമാകുന്ന തീരുമാനവുമായി ദുബായ് ഭരണകൂടം. പ്രവാസികള്‍ക്ക് നിലവിലുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രോവിഡന്റ് ഫണ്ട് കൂടി ഏര്‍പ്പെടുത്താന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരായ പ്രവാസികള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുക. അതിനു ശേഷം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പദ്ധതി നടപ്പിലാക്കും.

ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് ശേഷം ദുബായ് കിരീടാവാകാശിയും കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ദുബായ് സര്‍ക്കാറിലെ പ്രവാസി ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയ കാര്യം പ്രഖ്യാപിച്ചത്. ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും ഉറപ്പാക്കുകയാണ് പിഎഫ് ആനുകൂല്യം ഏര്‍പ്പെടുത്തുന്നതിലൂടെ ദുബായ് ഭരണകൂടം ലക്ഷ്യമിടുന്നമെന്ന് ശെയ്ഖ് ഹംദാന്‍ വ്യക്തമാക്കി.

അതോടൊപ്പം ദുബായ് തൊഴില്‍ കമ്പോളത്തെ കൂടുതല്‍ ആകര്‍ഷമാക്കാന്‍ അത് സഹായിക്കുകയും ചെയ്യും. അതേസമയം, പിഎഫ് പദ്ധതിയില്‍ ചേരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്രമുണ്ടായിരിക്കും. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുകയെന്നും ശെയ്ഖ് ഹംദാന്‍ അറിയിച്ചു.

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അഥവാ ഡിഐഎഫ്സിയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ചും മികച്ച രീതിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചുമാണ് പ്രവാസികള്‍ക്കുള്ള പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ അറിയിച്ചു.

എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ജനറലിന്റെ നേതൃത്വത്തില്‍ ധനകാര്യ വകുപ്പ്, ദുബായ് ഗവണ്‍മെന്റെ എച്ച്ആര്‍ വകുപ്പ്, നിയമകാര്യ വകുപ്പ്, സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി, ഡിഐഎഫ്സി എന്നിവയിലെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും സ്റ്റിയറിംഗ് കമ്മിറ്റി. പ്രൊവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാരില്‍ നിന്ന് ഈടാക്കുന്ന വിഹിതം വിവിധ തരത്തില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടാകും. താത്പര്യമുള്ളവര്‍ക്ക് ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഫണ്ടിലോ, മറ്റേതെങ്കിലും രീതിയിലോ നിക്ഷേപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ദുബായിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പിഎഫ് പദ്ധഥി എങ്ങനെ നടപ്പാക്കാം എന്നതിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നിലവില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് പി എഫ് ആനൂകൂല്യം ലഭ്യമാക്കുകയെന്നും ദുബായ് കിരീടാവകാശി അറിയിച്ചു.

2020ലാണ് ദുബായിലെ പ്രവാസികള്‍ക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യം മല്‍കാന്‍ ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചത്. ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കായിരിക്കും ഇതിനുള്ള ആനുകൂല്യം ലഭിക്കുക. ഏറെ കാലം ദുബായില്‍ ജോലി ചെയ്ത ശേഷം വിരമിക്കുമ്പോള്‍ വെറും കൈയോടെ മടങ്ങേണ്ടി വരുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമായ തീരുമാനമാണ് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ കൈക്കൊണ്ടിരിക്കുന്നത്.

ഓരോ മാസവും ലഭിക്കുന്ന തുക അപ്പപ്പോള്‍ നാടുകളിലേക്ക് അയക്കുന്ന പ്രകൃതക്കാരാണ് പ്രവാസികളില്‍ ഏറെയും. അവര്‍ക്ക് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വലിയൊരു തുക ഒരുമിച്ച് ലഭിക്കുന്നത് റിട്ടയര്‍മെന്റ് ജീവിതം ആശ്വാസകരമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.