സ്വന്തം ലേഖകൻ: വാഹന ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ ആപ്പ് നവീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നിരവധി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി തികച്ചും ഉപഭോക്തൃ സൗഹൃദമായാണ് പുതിയ ആപ്പിന്റെ വരവ്. പാർക്കിങ് ഫീസ്, സാലിക്ക് അഥവാ ടോൾ ഫീസ് എന്നിവ ആപ്പ് വഴി അടയ്ക്കാനാവും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതോടൊപ്പം വാഹന, ഡ്രൈവിങ് ലൈസൻസുകളുമായി ബന്ധപ്പെട്ട സേവനങ്ങളും ആപ്പ് വഴി ലഭിക്കും.
ആപ്പിന്റെ ഡാഷ്‌ബോർഡ് വഴി സേവനങ്ങളെല്ലാം ദ്രുതഗതിയിലും എളുപ്പത്തിലും ലഭിക്കുമെന്ന സവിശേഷതയും പുതുക്കിയ ആർടിഎ ആപ്പിനുണ്ട്. കൂടുതൽ നടപടിക്രമങ്ങളില്ലാതെ തന്നെ ഈ സേവനങ്ങൾ ലഭ്യമാക്കാം. പാർക്കിങ്, ടോൾ ഫീസുകൾ എന്നിവ ഏതാനും ടാപ്പുകളിലൂടെ അടയ്ക്കാൻ കഴിയും. അതോടൊപ്പം വാഹന ലൈസൻസുകളും ഡ്രൈവിങ് ലൈസൻസുകളും പുതുക്കാനും ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താം.
ദുബായ് ആർടിഎ ആപ്പിന്റെ ഡാഷ്‌ബോർഡ് നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പേഴ്‌സണലൈസ് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇതുവഴി ഓരോ വ്യക്തിക്കും ആവശ്യമുള്ള സേവനങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനാവും. സമയവും അധ്വാനവും കുറയ്ക്കാനും ഇതുവഴി സാധിക്കും. സാലിക് ഓൺലൈൻ പേയ്മെന്റുകൾ നടത്താനും വൗച്ചറുകൾ ടോപ്പ് അപ്പ് ചെയ്യാനും ഇതിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആപ്പിൽ നേരിട്ട് ടാപ്പുചെയ്യുന്നതിലൂടെ ബസ്, മെട്രോ യാത്രകൾക്കായി ഉപയോഗിക്കുന്ന NOL കാർഡുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാനുമാവും. വാഹനങ്ങളുടെയും ട്രാഫിക് ലംഘനങ്ങളുടെയും പിഴ അടയ്ക്കാനും ഇതിൽ സംവിധാനമുണ്ട്.
ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി ഉപയോക്താക്കൾ നേരത്തേ ഉന്നയിച്ച ആവശ്യങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തിയും പരിഗണിച്ചുമാണ് ആപ്പ് നവീകരിച്ചിരിക്കുന്നതെന്നും ഉപഭോക്താക്കളോടുള്ള ആർടിഎയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഇതെന്നും ആർടിഎയിലെ സ്മാർട്ട് സർവീസസ് ഡയറക്ടർ മീര അൽ ശെയ്ഖ് പറഞ്ഞു.
നവീകരിച്ച ആർടിഎ ആപ്ലിക്കേഷനിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കൾ ഞങ്ങളുടെ സേവനങ്ങളുമായി എളുപ്പത്തിൽ ഇടപഴകുന്ന രീതിയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ്. ആപ്പിലെ വ്യക്തിഗത ഡാഷ്ബോർഡ് സൗകര്യം, അവശ്യ സേവനങ്ങളിലേക്കുള്ള ദ്രുത പ്രവേശനം എന്നിവ ഉപയോക്താക്കളുടെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനുള്ള മികച്ച യാത്രാനുഭവം നൽകുന്നതിനുമുള്ള ആർടിഎയുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു. ദുബായ് ആർടിഎ ആപ്ലിക്കേഷന്റെ നവീകരിച്ച പതിപ്പ് ഇപ്പോൾ ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല