സ്വന്തം ലേഖകൻ: ഇന്ത്യ അടക്കം ആറ് രാജ്യങ്ങളിൽനിന്ന് വരുന്നവർ യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റം. ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം മതിയെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ നിർദേശത്തിൽ പറയുന്നു.
ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. ഇന്ത്യക്ക് പുറമെ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങൾക്കാണ് പുതിയ നിബന്ധന ബാധകം. യാത്രക്ക് നാല് മണിക്കൂറിനുള്ളിൽ റാപിഡ് പരിശോധന നടത്തുന്നതിന് വിമാനത്താവളങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് കൗണ്ടർ മാത്രമാണ് ഏർപ്പെടുത്തിയിരുന്നത്.
രണ്ടോ മൂന്നോ വിമാനങ്ങൾ ഒരേ സമയം പുറപ്പെടാൻ തയാറെടുക്കുേമ്പാൾ യാത്രക്കാരുടെ തിരക്ക് ഇരട്ടിയായി വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആറ് മണിക്കൂറായി നീട്ടിയത്. യു.എ.ഇയിലേക്കുള്ള യാത്രക്കാർ ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ ഹാജരാകണമെന്ന് എയർ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ആറ് മണിക്കൂർ മുൻപെത്തിയ യാത്രക്കാരെ വിമാനത്താവളത്തിനുള്ളിലേക്ക് കയറ്റിയിരുന്നില്ല. ഓരോ വിമാനങ്ങളും പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രമാണ് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ 3400 രൂപയും മറ്റുള്ള സ്ഥലങ്ങളിൽ 2500 രൂപയുമാണ് നിരക്ക്. ഇത് കുറക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല