സ്വന്തം ലേഖകൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അല്‍ മക്തൂമിനെതിരെ ലണ്ടന്‍ കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍. ദുബായ് ഭരണാധികാരിയുടെ മുന്‍ഭാര്യയായ പ്രിന്‍സസ് ഹയയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ലണ്ടനിലേക്ക് പോയ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നുമാണ് ലണ്ടന്‍ കോടതി റിപ്പോര്‍ട്ടില്‍ പറയുന്നത്. മക്തൂമിന്റെ മറ്റൊരു ഭാര്യയിലുള്ള രണ്ട് കുട്ടികളായ ഷംസ, ലത്തീഫ എന്നിവരെ ലണ്ടനില്‍ നിന്നും തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ലണ്ടനിലേക്ക് പോയ ഹയയെ നിരന്തരമായി മക്തൂം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഹയ കോടതിയില്‍ ആരോപിച്ചു. 34 പേജുള്ള കോടതി റിപ്പോര്‍ട്ടിലാണ് ആരോപണം. മക്തൂമിന്റെ ആറാമത്തെ ഭാര്യയായ പ്രിന്‍സസ് ഹയ 2019 ലാണ് ലണ്ടിനിലേക്ക് പോയത്. 2019 ല്‍ ജര്‍മനിയിലാണ് ഹയ ആദ്യം അഭയം തേടിയത്. പിന്നീട് ലണ്ടനിലേക്ക് പോവുകയായിരുന്നു.
ഇരുവരുടെയും ജലീല, സയിദ് എന്നീ രണ്ടു കുട്ടികളെയും ഇവര്‍ കൊണ്ടു പോയിരുന്നു. 11 കാരിയായ ജലീലയെ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് വിവാഹം കഴിച്ച് നല്‍കാന്‍ ശ്രമിക്കുന്നു എന്ന് അന്ന് ഹയ ആരോപിച്ചിരുന്നു.
കുട്ടികളെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ഷെയ്ഖ് മുഹമ്മദ് ബ്രിട്ടീഷ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതാണിപ്പോള്‍ കോടതി പരിഗണിച്ചത്.
ജോര്‍ദാന്‍ രാജാവ് ഹുസൈനിന്റെ മകളായ പ്രിന്‍സസ് ഹയ 2004 ലാണ് ദുബായ് ഭരണാധികാരിയെ വിവാഹം ചെയ്യുന്നത്. 2017-18 കാലത്താണ് ഹയ മക്തൂമുമായി അകലുന്നത്. ഇവരുടെ അര്‍ദ്ധമക്കളായ ലത്തീഫയുടെയും ഷംസയുടെയും കാര്യത്തില്‍ ഹയ ഇടപെടുന്നതിലും മക്തൂമിന് എതിര്‍പ്പുണ്ടായിരുന്നു. എല്ലാ ഭാര്യമാരിലുമായി 25 കുട്ടികളാണ് ഷെയ്ഖ് മക്തൂമിനുള്ളത്.
എന്നാല്‍ കോടതി വിചാരണയില്‍ തനിക്ക് പങ്കെടുക്കാന്‍ പറ്റിയിരുന്നില്ലെന്നും ഇത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാമെന്നുമാണ് കോടതി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒപ്പം തന്റെ കുട്ടികളുടെ വ്യക്തിജീവിതത്തെ ബഹുമാനിക്കാനും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല