സ്വന്തം ലേഖകന്‍: റഷ്യയില്‍ ഫ്‌ലൈ ദുബൈ വിമാന അപകടത്തില്‍ വില്ലനായത് ശക്തമായ കാറ്റ്. വിമാനം തകരാന്‍ കാരണം അപ്രതീക്ഷിത കാറ്റ് തന്നെയായിരിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരവധി വിമാനങ്ങള്‍ അപകടം നടന്ന റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ച് വിട്ടിരുന്നു.
ഒരു വിമാനം മൂന്ന് തവണ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാറ്റു കാരണം മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നുവെന്നും റോസ്‌തോവ് മേഖലാ ഗവര്‍ണര്‍ വാസിലി ഗ്ലൗബേവ് ചൂണ്ടിക്കാട്ടി. റണ്‍വേയില്‍ നിന്ന് 250 മീറ്റര്‍ മുകളില്‍ വെച്ചാണ് ഫ്‌ളൈ ദുബൈക്ക് അപകടം സംഭവിച്ചത്. ആ സമയത്ത് മേഖലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
അതേസമയം, കനത്ത കാറ്റ് ഉയരത്തില്‍ ആയിരുന്നില്ലെന്ന് റഷ്യന്‍ ടെലിവിഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിമാനം തറനിരപ്പില്‍നിന്ന് 500 മീറ്റര്‍ മുകളില്‍ എത്തിയപ്പോള്‍ കാറ്റ് അപകടകരമായി മാറിയിരുന്നു.ഫ്‌ളൈ ദുബൈ വിമാനത്തിനു സമീപം സെക്കന്‍ഡില്‍ 22 മീറ്ററായിരുന്നു കാറ്റിന്റെ വേഗം.
ഫ്‌ളൈ ദുബൈ രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നുവെന്ന് വിമാനത്താവള ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ആകാശത്ത് രണ്ട് മണിക്കൂര്‍ വട്ടമിടുന്നതിന് പകരം 90 മിനിട്ട് അകലെയുള്ള മോസ്‌കോയിലേക്ക് പോകാമായിരുന്നു എന്നാണ് വിദഗ്ദരുടെ അഭിപ്രായം. മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല