സ്വന്തം ലേഖകൻ: 2024 നവംബറോടെ ദുബായില്‍ പുതിയ രണ്ട് സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവർത്തന ക്ഷമമാകും. അല്‍ ഖെയില്‍ റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലാണ് സാലിക്ക് വരുന്നത്. അല്‍ ഖെയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മെയ്ദാനും ഉം അല്‍ സെയ്ഫ് സ്ട്രീറ്റിനിടയിലെ അല്‍ സഫ സൗത്തിലുമാണ് പുതിയ സാലിക് ടോള്‍ സ്ഥാപിക്കുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം 8 ല്‍ നിന്ന് 10 ആയി ഉയരും.
ദുബായിലെ പ്രധാന ഹൈവേകളില്‍ റോഡ് ഉപയോഗത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ടോള്‍ ആണ് സാലിക് ഗേറ്റുകള്‍. റോഡുകളിലെ ഗതാഗത നിലവാരം ഉയർത്തുന്നതിനുളള വരുമാനം വർധിപ്പിക്കുന്നതിനും ഗതാഗതതടസ്സം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് 2007 ല്‍ എമിറേറ്റില്‍ സാലിക്ക് സ്ഥാപിച്ചത്. ഈ ഗേറ്റുവഴി കടന്നുപോകുമ്പോള്‍ ഓരോ യാത്രയ്ക്കും സാലിക്ക് കാർഡുകളില്‍ നിന്ന് നാല് ദിർഹമാണ് ഈടാക്കുക.
അല്‍ ബർഷ, അല്‍ ഗർഹൂദ് ബ്രിഡ്ജ്, അല്‍ മക്തൂം ബ്രിഡ്ജ്, അല്‍ മംമ്സാർ സൗത്ത്, അല്‍ മംമ്സാർ നോർത്ത് അല്‍ സഫ,എയർ പോർട്ട് ടണല്‍, ജബല്‍ അലി, എന്നിവയാണ് ദുബായില്‍ നിലവിലുളള 8 സാലിക് ഗേറ്റുകള്‍. ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലാണ് ടോള്‍ ഗേറ്റുകള്‍ കൂടുതലുളളത്. ഷാർജയില്‍ താമസിക്കുകയും ദുബായ് ജബല്‍ അലിയില്‍ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തിക്ക് ഷെയ്ഖ് സായിദ് റോഡിലൂടെയാണ് യാത്രയെങ്കില്‍ അഞ്ച് സാലിക്ക് ഗേറ്റുകള്‍ കടന്ന് വേണം പോകാന്‍.
തിരിച്ചും സമാന രീതിയില്‍ സാലിക്ക് കടന്നാണ് യാത്രയെങ്കില്‍ ഒരു ദിവസം 40 ദിർഹം സാലിക്ക് ടോളിനായി മാറ്റിവയ്ക്കേണ്ടിവരും. അതേസമയം ടോള്‍ ഒഴിവാക്കി അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, ഉം അല്‍ ഷെയ്ഫ് സ്ട്രീറ്റ് വഴി പോകുന്നവർക്കും നവംബർ മുതല്‍ സാലിക്ക് ടോള്‍ നല്‍കേണ്ടിവരും. സാലിക് ഗേറ്റുകള്‍ വഴി കടന്നുപോകുന്ന ടാക്സി യാത്രകള്‍ക്കും സ്വാഭാവികമായും ചെലവ് കൂടും.
ഓരോ സാലിക്ക് ഗേറ്റ് കടക്കുമ്പോഴും നാല് ദിർഹമാണ് നിലവില്‍ നല്‍കുന്നതെങ്കില്‍ പുതിയ രണ്ട് സാലിക്ക് ഗേറ്റുകള്‍ വരുന്നതോടെ നിരക്കില്‍ വർധനവ് വരുത്തുന്ന കാര്യം ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പരിഗണിക്കുന്നുണ്ട്. ഡൈനാമിക് പ്രൈസിങ് നടപ്പിലാക്കാനാണ് ദുബായ് ആർടിഎ ആലോചിക്കുന്നത്. അതായത് തിരക്കുളള മണിക്കൂറുകളില്‍ സാലിക്ക് ടോള്‍ നിരക്കില്‍ വർധ നവുണ്ടാകുമെന്നർത്ഥം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല