സ്വന്തം ലേഖകന്‍: ഫീസ് കുത്തനെ ഉയര്‍ത്തി ദുബായിലെ സ്‌കൂളുകള്‍, പഠനം ചെലവേറിയതാകും. മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ ഫീസ് 6.42 ശതമാനം കൂട്ടാന്‍ നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്പ്‌മെന്റ അതോറിറ്റി (കെ എച്ച് ഡി എ) അനുമതി നല്‍കി.
വിദ്യാഭ്യാസരംഗത്ത് സ്‌കൂളുകളെ നിലവാരം അനുസരിച്ച് തരം തിരിച്ചായിരിക്കും നിരക്ക് വര്‍ദ്ധന. പരിശോധനയുടേയും ഗ്രേഡ് നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ എഡ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സ് (ഇസിഐ) കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ നിരക്ക് വര്‍ദ്ധന.
നേരത്തേ ഈ വര്‍ഷം മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവരുടെ ചെലവുകള്‍ക്ക് അനുസൃതമാകുന്ന രീതിയില്‍ 3.21 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കെഎച്ച്ഡിഎ പട്ടികയില്‍ വേറിട്ട പ്രകടനം നടത്തുന്നതായി കണ്ടെത്തിയ സ്‌കൂളുകള്‍ക്ക് ഇസിഐ വര്‍ദ്ധിപ്പിച്ച് 6.42 ശതമാനമാക്കി ഇരട്ടിയാക്കാനാണ് അനുവദിച്ചിരിക്കുന്നത്.’മികച്ച’ പട്ടികയില്‍ വരുന്ന സ്‌കൂളുകള്‍ക്ക് 5.61 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാം. ‘നല്ല’ പട്ടികയില്‍ വരുന്ന സ്‌കൂളുകള്‍ക്ക് 4.81 ശതമാനവും കൂട്ടാനാകും.
‘കുഴപ്പമില്ല’, ‘മോശം’, ‘തീരെ മോശം’ പട്ടികയില്‍ വരുന്ന സ്‌കൂളുകള്‍ക്ക് 3.21 ശതമാനം നിരക്കുകളാണ് വര്‍ദ്ധിപ്പിക്കാനാകുക. അധ്യാപകരുടെ ശമ്പളം, വാടക, അറ്റകുറ്റപ്പണികള്‍, വൈദ്യൂതി, ജല നിരക്കുകള്‍, മറ്റിനത്തിലുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ സ്‌കൂള്‍ നടത്തിപ്പിനുള്ള മൊത്തം ചെലവുകളാണ് ഇസിഐ യില്‍ കണക്കാക്കുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം വന്‍ തിരിച്ചടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല