സ്വന്തം ലേഖകന്‍: ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍, ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പില്‍ കണ്ണൂര്‍ സ്വദേശിക്ക് ഒന്നര ലക്ഷം ദിര്‍ഹവും കാറും സമ്മാനം. തലശ്ശേരിക്കടുത്ത് പുല്ലുകര സ്വദേശി മേലേടത്ത് അബ്ദുല്‍ ലത്തീഫാണ് ഒന്നരലക്ഷം ദിര്‍ഹമിന്റെ കാഷ് പ്രൈസിനും ഇന്‍ഫിനിറ്റി കാറിനും അര്‍ഹനായത്.
കാഷ് പ്രൈസും കാറും കൂടി മൊത്തം മൂന്നുലക്ഷം ദിര്‍ഹം (55.6 ലക്ഷം ഇന്ത്യന്‍ രൂപ) മൂല്യം വരുന്ന നോട്ടാണിത്. ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ ലത്തീഫ് സമ്മാനം ഏറ്റുവാങ്ങി. കറാമയില്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ലത്തീഫ്. 28 വര്‍ഷമായി ഇദ്ദേഹം ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
എല്ലാ വര്‍ഷവും സുഹൃത്തുകള്‍ക്കൊപ്പം ലത്തീഫ് നറുക്കെടുപ്പ് കൂപ്പണ്‍ എടുക്കാറുണ്ട്. ഇത്തവണ 200 ദിര്‍ഹാമിന്റെ കൂപ്പണ്‍ ഒറ്റയ്ക്ക് എടുക്കുകയായിരുന്നു. അതില്‍ ഭാഗ്യസമ്മാനം ലത്തീഫിനെ തേടിയെത്തുകയും ചെയ്തു.
വ്യാപാരത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും റെക്കോര്‍ഡിട്ടാണ് 34 ദിവസം നീളുന്ന ഡിഎസ്എഫിന് കൊടിയിറങ്ങിയത്. പ്രതിദിന ഭാഗ്യനറുക്കെടുപ്പുകളിലൂടെ ലക്ഷാധിപതികളായവരില്‍ ഇന്ത്യക്കാരാണ് കൂടുതലും.
പ്രതിദിന ഇന്‍ഫിനിറ്റി മെഗാ റാഫിളില്‍ ഒരു ഇന്‍ഫിനിറ്റി കാറും ഒന്നര ലക്ഷം ദിര്‍ഹമുമായിരുന്നു സമ്മാനം. വാരാന്ത്യ നറുക്കെടുപ്പ് ഉള്‍പെടെ ഇന്‍ഫിനിറ്റിയില്‍ മാത്രം നാല്‍പതിലേറെ പേര്‍ ലക്ഷാധിപതികളായി. രണ്ടു നറുക്കെടുപ്പുകളിലെയും വിജയികളില്‍ പകുതിയിലേറെയും മലയാളികളടക്കമുള്ള ഇന്ത്യക്കാരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല