1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2023

സ്വന്തം ലേഖകൻ: ദുബായില്‍ ടിക്കറ്റോ നോല്‍ കാര്‍ഡോ ഇല്ലാതെ മുഖം കാണിച്ച് മെട്രോ ഉള്‍പ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആര്‍ടിഎ അവസരമൊരുക്കുന്നു. ഇതിനായി സ്മാര്‍ട്ട് ഗേറ്റ് എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മെട്രോയിലും ബസിലും മാത്രമല്ല ടാക്‌സി, ട്രാം, മറൈന്‍ ഗതാഗതം എന്നിവയിലും ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധനം വഴി യാത്ര ചെയ്യാനാകും.

തടസമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് ഗേറ്റ് എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. യാത്രക്കാര്‍ ആദ്യം സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ശേഷം ത്രിഡി ക്യാമറ ഉപയോഗിച്ച് അവരുടെ മുഖം തിരിച്ചറിയും. തുടര്‍ന്ന് ബയോ-ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും യാത്രാനിരക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുകയുമാണ് ചെയ്യുക. നാളെ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമേളായ ജൈറ്റക്‌സില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ആര്‍ടിഎ അവതരിപ്പിക്കും.

ആര്‍ടിഎ സേവന കേന്ദ്രം സന്ദര്‍ശിക്കാതെ തന്നെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാന്‍ കഴിയുന്ന ഡ്രൈവ് ആപ്പും ആര്‍ടിഎ വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടി ക്രമങ്ങളും ഡിജിറ്റലായി തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഒഴിവുളള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുന്‍ കൂട്ടി കണ്ടെത്താന്‍ കഴിയുന്ന സംവിധാനവും ആര്‍ടിഎ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കും.

ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് അബ്രയുടെ മാതൃകയും ജൈറ്റക്‌സില്‍ പ്രദര്‍ശിപ്പിക്കും. ആധുനിക സാങ്കേതി വിദ്യകള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് 20 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇലക്ട്രിക് അബ്ര ആര്‍ടിഎ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.