സ്വന്തം ലേഖകൻ: ദുബായില്‍ 2025 ല്‍ സ്മാർട് വാടക സൂചിക നടപ്പിലാകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായാണ് സ്മാർട് വാടക സൂചിക നടപ്പിലാക്കുന്നത്. 2025 ജനുവരിയോടെ നടപ്പിലാകുന്ന സ്മാർട് വാടക സൂചിക ഭൂവുടമകള്‍ക്കും വാടകക്കാർക്കും നിക്ഷേപകർക്കും ഒരു പോലെ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ദുബായ് വാടക സൂചിക മൂന്ന് മാസത്തിലൊരിക്കലാണ് പുതുക്കുന്നത്. രണ്ട് വർഷത്തിനുശേഷം 2024 ഏപ്രിലിലാണ് ദുബായ് ലാന്‍ഡ് ഡിപാർട്മെന്‍റ് വാടക സൂചികയില്‍ മാറ്റം വരുത്തിയത്. ദുബായിലെ വിവിധ മേഖലകളില്‍ വാടകയില്‍ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പുതിയതും പഴയതുമായ വിവരങ്ങള്‍ കൃത്യമായി ലഭ്യമാകുമെന്നതാണ് സ്മാർട് വാടക സൂചികയുടെ സവിശേഷത. അതുകൊണ്ടുതന്നെ വാടക നിർണയിക്കുന്നതിനും പുതുക്കുന്നതിനും ഇത് ഉപകാരപ്രദമാകും. നിർമിത ബുദ്ധി ഉപയോഗിച്ചുളള വിവരങ്ങളാണ് പുതിയ സൂചികയില്‍ ലഭ്യമാവുക. അതുകൊണ്ടുതന്നെ വാടക ആനുപാതികമായി മാത്രമേ വർധിപ്പിക്കാന്‍ സാധിക്കുകയുളളൂവെന്നതാണ് മാറ്റം. സ്മാർട് വാടക സൂചിക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഈയാഴ്ച ലാന്‍റ് ഡിപാർട്മെന്‍റ് പുറത്തുവിട്ടേക്കും.
കോവിഡിനുശേഷം ദുബായില്‍ വാടക വർധനവുണ്ട്. ജനസംഖ്യയിലുണ്ടായ വർധനവാണ് വാടകയിലും പ്രതിഫലിക്കുന്നത്. 2024ന്‍റെ മൂന്നാം പാദത്തിൽ നഗരത്തിലെ വാടക 18 ശതമാനം വർധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുബായില്‍ വാടക വർധിച്ചതിനെ തുടർന്ന് സമീപ എമിറേറ്റുകളിലേക്ക് താമസം മാറിയവരുമുണ്ട്. അബുദബിയിലും വാടക വർധനവ് പ്രകടമാണ്. വാടക വർധനവ് എളുപ്പത്തില്‍ അറിയുന്നതിനായി ഔദ്യോഗിക വാടക സൂചിക അബുദബിയും പുറത്തിറക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല