1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2023

സ്വന്തം ലേഖകൻ: ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ടാക്‌സി കമ്പനി (ഡിടിസി) യുടെ 24.99 ശതമാനം ഓഹരികള്‍ ഷെയര്‍ മാര്‍ക്കറ്റിലേക്ക്. ദുബായ് ടാക്‌സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റുന്നതിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു.

ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രാഥമിക പബ്ലിക് ഓഫറിങ് (ഐപിഒ) ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 624,750,000 ഓഹരികളാണ് വില്‍ക്കുന്നത്. 0.04 ദിര്‍ഹമാണ് ഓഹരി മൂല്യം. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 24.99 ശതമാനമാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഓഹരി വിപണിയിലേക്ക് എത്തുമ്പോള്‍ നിക്ഷേപകര്‍ ഏറെ താല്‍പര്യം കാണിക്കുമെന്നുറപ്പാണ്.

ഓഹരി വാഗദാനത്തില്‍ രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു യുഎഇ റീട്ടെയില്‍ ഓഫറുകളും യോഗ്യതയുള്ള നിക്ഷേപക ഓഫറുകളും. യുഎഇ റീട്ടെയില്‍ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ് നവംബര്‍ 21 ചൊവ്വാഴ്ച മുതല്‍ നവംബര്‍ 28 ചൊവ്വാഴ്ച വരെയാണ്. പ്രൊഫഷണല്‍ നിക്ഷേപകരുടെ അവസരം നവംബര്‍ 29 ബുധനാഴ്ചയും അവസാനിക്കും. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ വരുന്ന ഡിസംബറില്‍ കമ്പനിയുടെ വ്യാപാരം ആരംഭിക്കുമെന്ന് കരുതപ്പെടുന്നു.

2024 സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ കമ്പനി ലാഭവിഹിതം വിതരണം ചെയ്യും. 2023ന്റെ നാലാം പാദത്തിലെ സാമ്പത്തിക പ്രകടനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 71 ദശലക്ഷം ദിര്‍ഹമെങ്കിലും ആദ്യ ലാഭവിഹിതം വിതരണം ചെയ്യാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

അവസാന ഓഫര്‍ വില നവംബര്‍ 30ന് പ്രഖ്യാപിക്കുമെന്നും ലിസ്റ്റിങ് തീയതി ഡിസംബര്‍ 7 വ്യാഴാഴ്ച ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ലിസ്റ്റിങ് തീയതിയിലെ കമ്പനിയുടെ ഓഹരി മൂലധനം 100 ദശലക്ഷം ദിര്‍ഹമായി നിജപ്പെടുത്തിയിരിക്കുന്നു. ദുബായ് ടാക്‌സി കമ്പനിയുമായി ബന്ധപ്പെട്ട 2023 ലെ 21ാം നമ്പര്‍ നിയമത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് ദുബായ് ഭരണാധികാരി എന്ന നിലയില്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയത്.

എമിറേറ്റിലെ നിലവിലുള്ള നിയമങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നിടത്തെല്ലാം ദുബായ് ടാക്‌സി കോര്‍പറേഷന്‍ എന്ന പദം ദുബായ് ടാക്‌സി കമ്പനി എന്ന് മാറ്റിസ്ഥാപിക്കണമെന്ന് നിയമം നിര്‍ബന്ധമാക്കി. കമ്പനിയുടെ ഘടനയും നിയമങ്ങളും ഇതിനനുസരിച്ച് മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.