1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2023

സ്വന്തം ലേഖകൻ: വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ തിളക്കത്തോടെ ദുബായ്. അന്താരാഷ്ട്രയാത്രികരുടെ എണ്ണത്തില്‍ വന്‍ നേട്ടവുമായാണ് ദുബായ് മുന്നിലെത്തിയത്. ഈവര്‍ഷം ആറുമാസത്തിനിടയില്‍ ദുബായിലെത്തിയത് 85.5 ലക്ഷം ആളുകളാണ്. കോവിഡിനുശേഷം വിനോദസഞ്ചാരമേഖലയില്‍ ദുബായ് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന സൂചിപ്പിക്കുന്നു.

കോവിഡിന് മുന്‍പ് 2019-ലെ ആദ്യത്തെ ആറുമാസത്തില്‍ നഗരത്തിലെത്തിയവരുടെ എണ്ണം 83.6 ലക്ഷമായിരുന്നെന്ന് ദുബായ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തിയാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയെ ദുബായ് ഏറ്റവും നന്നായി പ്രതിരോധിച്ചതിനുശേഷമാണ് അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ച നേടാന്‍ സാധിച്ചത്.

കോവിഡിനെ അതിജീവിച്ചശേഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ വര്‍ധനയുള്ള രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് യുഎഇ എന്നതും ശ്രദ്ധേയമാണ്. സമാനതകളില്ലാത്ത സൗന്ദര്യ നഗരമെന്നനിലയില്‍ ദുബായ് വിനോദസഞ്ചാരരംഗത്തെ ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഏറ്റവും സുരക്ഷിതവും സാമ്പത്തിക നിക്ഷേപാനുകൂലനഗരവുമായും ദുബായ് മാറിക്കഴിഞ്ഞതും വലിയനേട്ടമാണ്.

ആഗോള വിനോദസഞ്ചാര കേന്ദ്രമെന്നനിലയിലും അന്താരാഷ്ട വ്യാപാരനിക്ഷേപകേന്ദ്രമായും ദുബായ് മാറുകയാണെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

കോവിഡിനുശേഷം ദുബായില്‍ ഹോസ്പിറ്റാലിറ്റി രംഗത്തും വളര്‍ച്ചയുണ്ടായതായി ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം അധികൃതര്‍ അറിയിച്ചു. 2019 മുതല്‍ ഇതുവരെ 100-ഓളം പുതിയ ഹോട്ടലുകളാണ് ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിലൂടെ സന്ദര്‍ശകര്‍ക്കായി 30,000-ത്തിലേറെ മുറികള്‍ ഒരുക്കിയിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ എണ്ണം 2019-ലെ 714-ല്‍നിന്ന് 810 ആയി വര്‍ധിച്ചിട്ടുണ്ട്. 2022 ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ 37 ഹോട്ടലുകളാണ് ദുബായില്‍ വര്‍ധിച്ചത്. അറ്റ്ലാന്റിസ് ദി റോയല്‍, ഹില്‍ട്ടണ്‍ പാം ജുമേറ, മാരിയറ്റ് റിസോര്‍ട്ട് പാം തുടങ്ങി ലോകത്തിലെ മുന്‍നിര ഹോട്ടലുകള്‍ കഴിഞ്ഞവര്‍ഷമാണ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.