സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായി വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി സ്വന്തമാക്കി ദുബായ് നഗരം. ടിക്ക്‌ടോക്കിന്റെ ട്രാവല്‍ ഇന്‍ഡക്‌സ് 2022ന്റെ ബൗണ്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ഏറ്റവും കൂടുതല്‍ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത നഗരമായി ദുബായ് മാറിയത്. ദുബായ് ഹാഷ് ടാഗോടു കൂടിയ വീഡിയോ 81.8 ലിബ്യണ്‍ പേരാണ് ടിക്ക് ടോക്കില്‍ കണ്ടെതെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന ദുബായ് ഒന്നാം സ്ഥാനത്തുള്ള ന്യുയോര്‍ക്ക് സിറ്റിയെ പിറകിലാക്കിയാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ നഗരമെന്ന ഖ്യാതി നേടിയത്. സമ്പത്തും ആഢംബരവും നിറഞ്ഞൊഴുകുന്ന ദുബായിലേക്കാണ് അവധി ദിനം ആഘോഷിക്കാനും കാഴ്ചകള്‍ കാണാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുന്നതെന്ന് യൂസ് ബൗണ്‍സ് ഡോട്ട് കോം അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച നിര്‍മിതികള്‍ ഈ അള്‍ട്രാ മോഡേണ്‍ നഗരത്തിലുണ്ടെന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണമെന്നും അധികൃതര്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 140 നഗരങ്ങളോട് മല്‍സരിച്ചാണ് ദുബായ് ഒന്നാമതെത്തിയത്. യുഎഇയുടെ തലസ്ഥാനമായ അബൂദാബി നഗരം 8.6 ലിബ്യണ്‍ കാണികളുമായി ഇരുപത്തി രണ്ടാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തെത്തിയ ന്യുയോര്‍ക്ക് സിറ്റിക്ക് ലഭിച്ച വ്യൂ 59.5 ബില്യണ്‍ ആണ്. മൂന്നാം സ്ഥാനത്തുള്ള ലണ്ടന്‍ നഗരത്തിന്റെ വീഡിയോ 36.8 ബില്യണ്‍ പേര്‍ ടിക്ക്‌ടോക്കില്‍ കണ്ടു. ഒരു കാലത്ത് ലോകത്തെ ഏറ്റവും മികച്ച ടൂറിസം നഗരമായി സ്ഥിര പ്രതിഷ്ഠ നേടിയ നഗരമായിരുന്നു ലണ്ടന്‍. ഇസ്തംബൂള്‍ (34 ബില്യണ്‍), പാരിസ് (33 ബില്യണ്‍), മിായമി (24.6 ബില്യണ്‍), ലോസ് ആഞ്ചലസ് (20.8 ബില്യണ്‍), ഷിക്കാഗോ (17.9 ബില്യണ്‍), ടൊറന്റോ (17.1 ബില്യണ്‍), മാഡ്രിഡ് (16 ബില്യണ്‍) എന്നിവയാണ് തൊട്ടുപിറകിലുള്ള നഗരങ്ങള്‍.
കഴിഞ്ഞ വര്‍ഷം 7.28 ദശലക്ഷം ടൂറിസ്റ്റുകളാണ് ദുബായിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം കൂടുതലാണിത്. അതേസമയം, ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളിലായി 6.17 ദശലക്ഷം വിദേശികള്‍ ദുബായില്‍ താമസിക്കാന്‍ എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ദുബായ് ടൂറിസം രംഗം പുറത്തുകടക്കുന്നതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മികച്ച രീതിയില്‍ കോവിഡ് പ്രതിസന്ധിയെ നേരിടുന്ന കാര്യത്തില്‍ യുഎഇ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായിരുന്നു.
അതിനിടെ, കോവിഡ് പ്രതിസന്ധിക്കാലത്തും ടൂറിസം മേഖലയിലെ വിദേശ നിക്ഷേപത്തില്‍ ദുബായ് ഒന്നാം സ്ഥാനത്തെത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം 30 നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികളിലൂടെ 1700 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ദുബായിലെത്തിയത്. ദി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ആഗോള ഗ്രീന്‍ഫീല്‍ഡ് എഫ്ഡിഐ ഇന്‍വെസ്റ്റ്മെന്റ് മാര്‍ക്കറ്റ് ഡാറ്റയിലാണ് ദുബായ് നഗരം ടൂറിസം വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ രംഗത്തെ ദുബായ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തു വിട്ട ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കാണെന്ന് വ്യക്തമാക്കി. ദുബായ് നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് സൗഹൃദ നയങ്ങള്‍, നിക്ഷേപ സൗഹൃദ നിയമങ്ങള്‍ തുടങ്ങിയവയാണ് വിദേശ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിച്ചതെന്ന് ശെയ്ഖ് ഹംദാന്‍ പറഞ്ഞു.
2021 ല്‍ വിദേശ വിദേശ നിക്ഷേപങ്ങളിലൂടെ 5,545 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനായി. കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ സംഘടിപ്പിച്ച ദുബായ് എക്സ്പോയും പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായകമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളിലും ലണ്ടന്‍, പാരിസ്, ഷാംഗ്ഹായ് നഗരങ്ങള്‍ക്ക് മുന്നിലാണ് ദുബായിയുടെ സ്ഥാനം. 2017 മുതല്‍ 2021 വരെ 22.8 ബില്യണ്‍ ഡോളറാണ് ദുബായ് ടൂറിസം രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപമായി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല