സ്വന്തം ലേഖകൻ: വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുണ്ടാക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ അമിത വേഗം മാത്രമല്ല, വാഹനങ്ങളുടെ മെല്ലെ പോക്കും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ദുബായ് ചീഫ് ട്രാഫിക് പ്രൊസിക്യൂട്ടര്‍ ജനറല്‍ സലാഹ് ബൂ ഫറൂഷ അല്‍ ഫെലാസി. ദുബായിലെ ഡ്രൈവര്‍മാരുമായി നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ദുബായ് ട്രാഫിക് പബ്ലിക് പ്രൊസിക്യൂഷന്‍ വിഭാഗം തലവന്‍ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റോഡ് ടര്‍ട്ടില്‍സ് അഥവാ റോഡ് ആമകള്‍ എന്നാണ് മെല്ലെ വാഹനമോടിക്കുന്നവരെ ചര്‍ച്ചയില്‍ മറ്റ് ഡ്രൈവര്‍മാര്‍ വിശേഷിപ്പിച്ചത്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരുന്നു പലരുടെയും ചോദ്യം. പ്രധാന ഹൈവേകളില്‍ ഇത്തരം ഡ്രൈവര്‍മാര്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മറ്റ് ഡ്രൈവര്‍മാരുടെ ക്ഷമ നശിക്കാനും അപകടമാം വിധം വാഹനമോടിക്കുന്നതിലേക്ക് അവരെ നയിക്കാനും ഇത്തരക്കാര്‍ കാരണമാവുന്നുണ്ട്.
പല ഡ്രൈവര്‍മാരും ക്ഷമ നശിച്ച് പിറകില്‍ കൊണ്ടുപോയി വാഹനം ഇടിക്കുന്ന അവസ്ഥ പോലും ഉണ്ടാവാറുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പ്രധാന റോഡുകളിലൂടെ മെല്ലെ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജനറല്‍ സലാഹ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കുള്ള ഇടത് ലെയിനില്‍ കൂടി മിനിമം വേഗതയെക്കാല്‍ കുറവ് സ്പീഡില്‍ വാഹനമോടിക്കുന്നത് കുറ്റകരമാണ്.
പിറകില്‍ നിന്ന് അതിവേഗം വരുന്ന വാഹനങ്ങള്‍ക്കു മുമ്പില്‍ ഇത്തരം റോഡ് ആമകള്‍ പെട്ടാല്‍ പലപ്പോഴും വാഹനം ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ സാധിച്ചുവെന്ന് വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ട് വാഹനങ്ങളും അപകടത്തില്‍ പെടുന്ന സ്ഥിതിയുണ്ടാവും. ഇത്തരം നിരവധി അപകടങ്ങള്‍ ദുബായില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ മെല്ലെ വാഹനം ഓടിക്കണമെന്നുള്ളവര്‍ വലത്തേ അറ്റത്തെ ലെയിനിലേക്ക് വാഹനം മാറ്റുകയും വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ അവസരം നല്‍കുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.
വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ ഇടത് ലെയിലൂടെ വേഗത കുറച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 400 ദിര്‍ഹമാണ് ഫൈന്‍ ഈടാക്കുക. ഇത്തരക്കാരോട് പ്രകോപിതരാവാതെ വിവരം പോലിസിനെ അറിയിക്കുകയാണ് വേണ്ടതെന്നും ട്രാഫിക് വിഭാഗം പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. നിലവില്‍ ദുബായിലെ എല്ലാ പ്രധാന ഹൈവേകളിലും ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള സ്പീഡ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പരമാവധി വേഗതയെക്കാല്‍ 20 കെഎംപിഎച്ച് വേഗതയില്‍ വാഹനമോടിച്ചാല്‍ മാത്രമേ ഇവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാറുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ജീവന് ഭീഷണിയാവുന്ന രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴ ഇടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല